സി.പി.എം പി.ബി. അഗം പിണറായി വിജയനെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി ശ്രീനിവാസനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തത് കൊണ്ടു മാത്രം കാര്യമില്ല. അക്രമം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന സി.പി.എമ്മിന്റെ നിലപാടാണ് പിണറായി വിജയന്റെ ആദ്യ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
ജനവികാരം ഉയര്‍ന്നതോടെ പിന്നീട് അഭിപ്രായം പിണറായിക്ക് മാറ്റേണ്ടി വന്നെങ്കിലും സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെട്ടതെന്നും സുധീരന് പറഞ്ഞു
കെ.ബാബുവിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സ്വാഭാവികമെന്ന് സുധീരന് പറഞ്ഞു. ബാബു മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് സ്വാഭാവികം. കീഴ്ക്കോടതി വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തതോടെ ബാബുവിനെതിരായ വിധിയുടെ പ്രസക്തി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് കെ.എം മാണി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.എമ്മും മദ്യലോബിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതിനാലാണ് ജനം അംഗീകരിച്ച മദ്യനയം മാറ്റുമെന്ന് സി.പി.എം പറയുന്നത്.ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് സി.പി.എമ്മിന്റെ ഈ നിലപാടിലൂടെ വ്യക്തമാകുന്നത്.
സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആരോപണം ഉന്നയിച്ച സരിത എസ്.നായര്‍ക്ക് 10 കോടി രൂപയും വീടും നല്‍കാമെന്ന് സി.പി.എം നേതാക്കള്‍ ഓഫര്‍ ചെയ്തിരുന്നു. ഈ വെളിപ്പെടുത്തല്‍ സി.പി.എം നേതാക്കളാരും തന്നെ ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും സുധീരന് പറഞ്ഞു.
തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ് വാസനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനുചിതമായെന്നും സുധീരന് വ്യക്തമാക്കി. ശവമഞ്ചവുമായിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
Discussion about this post