കേരളത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതിനായി ബിജെപി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും അത് നേടിയെടുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുമെന്നും കുമ്മനം പറഞ്ഞു.എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് .സാധാരണക്കാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എന്നാല്‍ കേരളം ഇത്തരം പദ്ധതികള്‍ അവഗണിച്ച് കേന്ദ്രത്തിനെതിരെ ജനവികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കരിന്റെ നിഷേധാത്മ്ക നിലപാട് ഇതിന് തടസമായിരിക്കുകയാണ്. ദല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ ശബരിമലയുമായി ബന്ധപ്പെട്ടഫ്ലോട്ട് കേരളം അവതരിപ്പിക്കാതിരുന്ന സര്‍ക്കാര്‍ നിലപാടിനെയും കുമ്മനം വിമര്‍ശിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി കാണുന്നുണ്ടുവെങ്കില് അസ്വഭാവികത ഇല്ല. കാണണമോ വേണ്ടയോ എന്നത് അവരാണ് തീരുമാനിക്കേണ്ടത്. ബിജെപിയിലേക്ക് പാര്‍ട്ടി വിട്ടുപോയവര്‍, ഇതര പാര്‍ട്ടികളില്‍ ഉള്ളവര്‍ എന്നിങ്ങനെ ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎം ശ്രമം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വ്യാപക സംഘര്‍ഷം ഉണ്ടാക്കാനാണ് അവരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് കാലടിയില്‍ ആര്‍എസ്എസ് കാര്യാലയവും തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസനെയും ആക്രമിച്ചത്.ഇടതുവലതു മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടത്തുന്നത്. അവര്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ബിജെപിയെ അനുകൂലിക്കുന്നവരും ബിജെപിയെ എതിര്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. ഇന്നല്ലെങ്കില്‍ നാളെ സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ സഖ്യമായി ബിജെപിയെ നേരിടും കുമ്മനം പറഞ്ഞു.
Discussion about this post