കുറച്ച് കാലം കൊണ്ട് തന്നെ കേരളത്തിന്റെ മനസിൽ ഇടം പിടിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് തൃശൂർ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജ. നിലവിൽ കേരള കേഡർ വിട്ട് ആന്ധ്ര പ്രദേശിലേക്ക് മടങ്ങിയ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയാണ് നിയമനം. കേരളത്തിൽ നിന്ന് പോയെങ്കിലും, അദ്ദേഹം മുൻകൈ എടുത്ത് ചെയ്ത പല കാര്യങ്ങളും എന്നും ജനങ്ങൾ ഓർത്തിരിക്കുന്നതാണ്. നിരവധി കുട്ടികൾക്കാണ് സ്പോൺസർമാർ വഴി പഠനസഹായവും ചികിത്സാ സഹായവും അദ്ദേഹം എത്തിച്ചത്.
ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് കൃഷ്ണതേജ. എൻജിനീയറിംഗ് പഠനത്തിന് ശേഷം അദ്ദേഹത്തിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. ഐഎഎസിന് പഠിക്കുന്ന റൂംമേറ്റിൽ നിന്നാണ് കളക്ടർ പദവിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. തുടർന്ന് ഐഎഎസ് മോഹം മനസിലുണരുകയും സുഹൃത്തിന്റെ കൂടെ കോച്ചിംഗ് സെന്ററിൽ പഠനം ആരംഭിക്കുകയും ചെയ്തു.
മൂന്ന് തവണ അഭിമുഖ ഘട്ടം വരെ എത്തിയെങ്കിലും പരാജയപ്പെട്ടതോടെ അദ്ദേഹം ഐഎഎസ് സ്വപ്നം ഉപേക്ഷിച്ച് മറ്റൊരു മൾട്ടി നാഷണൽ കമ്പനിയിൽ ചേർന്നു. ആ സമയത്താണ് സിവിൽ സർവീസ് പരീക്ഷയിലെ പരാജയത്തിൽ പരിഹസിക്കാൻ ശത്രുക്കളായ മൂന്ന് പേർ കൃഷ്ണതേജയെ അന്വേഷിച്ച് വീട്ടിലെത്തിയത്.
മൂന്ന് കുറ്റങ്ങളാണ് കൃഷ്ണതേജയിൽ അവർ കണ്ടെത്തിയത്. കൈയ്യക്ഷരം മോശം, നല്ല ഭാഷയിൽ കഥ എഴുതുന്നത് പോലെ വേണം പരീക്ഷയെഴുതാൻ, അഭിമുഖത്തിൽ വ്യക്തമായി സംസാരിക്കണമായിരുന്നു. ഈ മൂന്ന് കാര്യങ്ങൾ കൃത്യമല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന് സിവിൽ സർവീസ് പരീക്ഷ പാസാകാൻ സാധിക്കാതിരുന്നത് എന്നവർ കുറ്റപ്പെടുത്തി.
ഇത് കൃഷ്ണതേജയുടെ ജീവിതത്തിലെ വലിയൊരു ടേണിംഗ് പോയിന്റായിരുന്നു. ശത്രുക്കൾക്ക് നമ്മുടെ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് താൻ മനസിലാക്കിയ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ പരീക്ഷയിൽ 66-ാമത് റാങ്ക് നേടി ഐഎഎസ് എന്ന ലക്ഷ്യം പൂർത്തീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post