ഓഫീസിൽ വരേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാം, ശമ്പളമായി ലഭിക്കുന്നതോ വർഷംതോറും 950 കോടി രൂപയും. സ്റ്റാർബക്സ് ആണ് ഇത്തരത്തിൽ കേൾക്കുന്നവരെ എല്ലാം അമ്പരിപ്പിക്കുന്ന ഒരു ഓഫർ നൽകിയിരിക്കുന്നത്. സ്റ്റാർബക്സിന്റെ പുതിയ സിഇഒ ബ്രയാൻ നിക്കോളിന് വേണ്ടിയാണ് കമ്പനി ഇത്തരമൊരു ഗംഭീര പാക്കേജ് ഒരുക്കിയിരിക്കുന്നത്. ആഗോള കോർപ്പറേറ്റ് രംഗത്തെ ഏറ്റവും വലിയ ശമ്പള പാക്കേജുകളിലൊന്നാണ് തങ്ങളുടെ പുതിയ സിഇഒയ്ക്ക് സ്റ്റാർബക്സിന്റെ വാഗ്ദാനം.
1.6 മില്യൺ ഡോളർ വാർഷിക ശമ്പളമാണ് ബ്രയാൻ നിക്കോളിന് സ്റ്റാർബക്സ് ഓഫർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ
13.2 കോടി രൂപ ആണിത് . എന്നാൽ ഈ ശമ്പളത്തിന് പുറമേ ഓരോ വർഷവും 23 മില്യൺ ഡോളർ മൂല്യമുള്ള ഷെയർ അധിഷ്ഠിത ബോണസുകളും സിഇഒയ്ക്ക് ലഭിക്കും. കൂടാതെ കമ്പനിയുടെ പ്രകടനത്തിനനുസരിച്ച് ഏകദേശം 3.6 മില്യൺ ഡോളർ മൂല്യമുള്ള ക്യാഷ് ബോണസും നേടാം. ഇവയെല്ലാം ചേർത്ത് 113.2 മില്യൺ ഡോളറാണ് ഒറ്റവർഷംകൊണ്ട് ബ്രയാൻ നിക്കോളിന് ലഭിക്കുക. ഏതാണ്ട് 950 കോടി രൂപയാണിത്.
ഇത്രയും ഭീമമായ ശമ്പളം കൂടാതെ വീട്ടിലിരുന്നു കൊണ്ട് ജോലി ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും സ്റ്റാർബക്സ് തങ്ങളുടെ സിഇഒക്ക് ഒരുക്കി നൽകുന്നുണ്ട്. ഇത് കൂടാതെ സ്റ്റാർബക്സിന്റെ ആസ്ഥാനത്തേക്കുള്ള സന്ദർശനത്തിനായി അദ്ദേഹത്തിനു പ്രത്യേക വിമാനവും അനുവദിക്കും. തങ്ങളുടെ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ഷെയർഹോൾഡർമാർക്കും ദീർഘകാലത്തേക്കുള്ള മൂല്യം നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസമാണ് ഇത്തരമൊരു വമ്പൻ ശമ്പള പാക്കേജ് പ്രഖ്യാപിക്കാൻ കാരണമെന്നാണ് ഈ ഗംഭീര ഓഫറിനെ കുറിച്ചുള്ള സ്റ്റാർബക്സിന്റെ പ്രതികരണം.
Discussion about this post