ന്യൂയോര്‍ക്ക്: തമിഴ്നാട്ടിലെ വെല്ലൂരില്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ് വളപ്പില്‍ ബസ് ഡ്രൈവര്‍ മരിച്ചത് ഉല്‍ക്ക പതിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ തള്ളി. ഭൂമിയിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള സ്ഫോടനത്തെ തുടര്‍ന്ന് കല്ല് പതിച്ചാവാം മരണമെന്നും നാസ വ്യക്തമാക്കി.
ഉല്‍ക്ക പതിച്ചാണ് കാമരാജ് എന്ന ഡ്രൈവര്‍ .മരിച്ചതെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നത്.എന്നാല്‍, ഉല്‍ക്ക പതിച്ചുള്ള മരണം അപൂര്‍വമാണെന്നും ചരിത്രത്തില്‍ ഇതുവരെ അത്തരമൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ലെന്നും നാസ വ്യക്തമാക്കി.
സംഭവം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ കല്ലിന് ഭാരം കുറവാണെന്നും അതിനാല്‍ തന്നെ സാധാരണ പാറക്കഷണമായിരിക്കാമെന്നും നാസയുടെ പ്രതിരോധ ഓഫീസര്‍ ലിന്‍ഡ്ലി ജോണ്സണ് പറഞ്ഞു. മാത്രമല്ല, ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുകയാണെങ്കില്‍ പോലും അവ തണുത്ത് പോകാറാണ് പതിവെന്നും ലിന്‍ഡ്ലി വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് കെ.പന്തരപ്പള്ളി ഗ്രാമത്തിലെ കോളേജിലുണ്ടായ സ്ഫോടനത്തില്‍ കാമരാജ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോളേജ് വളപ്പില്‍ ഒരു ഗര്‍ത്തവും രൂപപ്പെട്ടിരുന്നു.
Discussion about this post