കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിനെ തുടന്ന് മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ കേസ് എടുത്ത് പോലീസ്. ലോറി ഉടമ മനാഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്.
രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് കുടുംബം പോലീസിനെ പരാതിയുമായി സമീപിച്ചത്. സംഭവത്തിൽ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പരാതിയിൽ അർജുന്റെ കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. പരാതിയുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ പേജുകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് കമ്മീഷണർക്കാണ് പരാതി നൽകിയത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അർജുന്റെ സഹോദരിക്ക് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം വാർത്താ സമ്മേളനത്തിൽ മനാഫിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മനാഫും കുടുംബത്തിനെതിരെ രംഗത്ത് എത്തി. ഇതിന് ശേഷം മനാഫിനെ അനുകൂലിക്കുന്നവർ രൂക്ഷമായ സൈബർ ആക്രമണം നടത്തുകയാരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ അധിക്ഷേപം സഹിക്കാതെ വന്നതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
Discussion about this post