മീററ്റ്: ഭഗവത് ഗീത മന:പാഠമാക്കി ഒരു മുസ്ലിം പെണ്‍കുട്ടി. 80 ശതമാനം കാഴ്ച കുറവുള്ള റിദ സെഹ്റയാണ് ഭഗവത് ഗീതയിലെ എല്ലാ വരികളും മന:പാഠമാക്കിയ മിടുക്കി. ഏഴു വയസുള്ള റിദ സെഹ്റയോട് ഭഗവത് ഗീത അറിയാമോ എന്ന് ചോദിച്ചാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ കൈകള്‍ കൂപ്പി അവള് ഗീതയിലെ വരികള്‍ ചൊല്ലാന്‍ തുടങ്ങും.
സെഹ്റ ബ്രയിലിയില്‍ പോലും ഗീത വായിച്ചിട്ടില്ല. ഗീതയിലെ ഓരോ വാക്കുകളും ഓര്‍ത്തുവയ്ക്കാന്‍ സെഹ്റയെ സഹായിക്കുന്നത് അവളുടെ അദ്ധ്യാപകനാണ്. ഏതു ദൈവത്തെ പ്രാര്‍ത്ഥിക്കണം എന്നത് സെഹ്റയെ ബാധിക്കുന്നില്ല. ഖുറാന് വായിച്ചിട്ടാണെങ്കിലും ഗീത വായിച്ചിട്ടാണെങ്കിലും ദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എങ്ങനെയായിരുന്നാലും അദ്ദേഹം മുന്നില്‍ വന്നാല്‍ എനിക്ക് കാണാന്‍ കഴിയില്ലല്ലോ എന്നാണ് അന്ധര്‍ക്കായുള്ള ബ്രിജ് മോഹന്‍ സ്കൂളില്‍ പഠിക്കുന്ന മൂന്നാം ക്ലാസുകാരിയായ സെഹ്റ പറയുന്നത്.
നഗരത്തില്‍ കുട്ടികള്‍ക്കായി ഗീതാ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കൂടി അതില്‍ പങ്കെടുപ്പിക്കണമെന്ന ആഗ്രഹമുണ്ടായി. അതിനായി ആദ്യം ഗീത പഠിക്തേണ്ട രീതി സ്വയം മനസിലാക്കിയ ശേഷം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുകയായിരുന്നു എന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ ശര്‍മ്മ പറയുന്നു.
സെഹ്റ പെട്ടെന്നു തന്നെ ഗീത മനപാഠമാക്കിയെന്നും ബ്രയിലി കോപ്പി ഇല്ലാത്തതിനാല്‍ കുട്ടികളെ വായിച്ച് കേള്‍പ്പിച്ചാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മുപ്പത് കുട്ടികളും അഞ്ച് അദ്ധ്യാപകരുമാണ് സ്കൂളില്‍ ഉള്ളത്. അതില്‍ രണ്ട് അദ്ധ്യാപകര്‍ കാഴ്ചയ്ക്ക് വൈകല്യമുള്ളവരാണ്.
തന്നെ പോലെ കാഴ്ചയില്ലാത്തവരെ പഠിപ്പിക്കാനാണ് സെഹ്റയുടെയും ആഗ്രഹം. തന്റെ മകള്‍ ഖുറാന് പഠിക്കുന്നതിലും ഗീത പഠിക്കുന്നതിലും അഭിമാനമേയുള്ളൂവെന്ന് ഡല്‍ഹിയില്‍ ബിരിയാണി കച്ചവടം നടത്തുന്ന സെഹ്റയുടെ പിതാവ് റായിസ് ഹൈദര്‍ പറയുന്നു. .
മറ്റൊരു മതത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് മറ്റുള്ളവരെക്കാള്‍ അവളെ ബുദ്ധിയുള്ളവളാക്കും. കാഴ്ചയില്ല എന്നൊരു പ്രശ്നം ഒഴികെ ഭാവിയില്‍ മകള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹമേ തനിക്കുള്ളുവെന്നും ഹൈദര്‍ പറയുന്നു. സെഹ്റയുടെ അച്ഛനമ്മമാരും സഹോദരങ്ങളും ലോഹിയാ നഗറിലാണ് താമസം. വേനല്‍ അവധിക്കും മറ്റ് ആഘോഷങ്ങള്‍ക്കും മാത്രമേ സെഹ്റ അവിടേക്ക് പോകാറുള്ളു. മൂന്നു വയസുള്ളപ്പോഴാണ് സെഹ്റയെ ബ്രിജ് മോഹന്‍ സ്കൂളില്‍ ചേര്‍ത്തത്.
Discussion about this post