ഇന്ത്യയിൽ ഭൂരിപക്ഷം പാമ്പ് കടി മരണങ്ങളും ഒഴിവാക്കാൻ കഴിയുന്നത്; കർമ്മ പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഈ കാര്യം ജനങ്ങളും ശ്രദ്ധിക്കണം

Published by
Brave India Desk

ന്യൂഡൽഹി:ഇന്ത്യയിൽ പാമ്പു കടി കൊണ്ടുള്ള മരണം പകുതിയായി കുറക്കാൻ തീവ്ര കർമ്മ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പാമ്പുകടി മരണങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാൻ കഴിയുന്നതാണ് എന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയതോടെയാണ് സർക്കാർ ആക്ഷൻ പ്ലാൻ രൂപീകരിച്ചത്.

തെറ്റായ ധാരണയുടെ പുറത്താണ് പാമ്പുകടിയേറ്റ ഭൂരിഭാഗം ആൾക്കാരും മരണത്തിന് കീഴടങ്ങുന്നതെന്ന് വ്യക്തമായതോടെയാണിത്. ബോധവൽക്കരണത്തിന്റെ കുറവ് ഇന്ത്യയിൽ വളരെയധികം ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും പാമ്പു കടി ഏൽക്കുമ്പോൾ ഏറ്റവും അടുത്തുള്ള വിഷ ചികിത്സാ കേന്ദ്രത്തിൽ പോകുന്നതിനു പകരം മുറിവൈദ്യന്മാരുടെ സമീപം ആൾക്കാർ പോകുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

നാട്ടിൻപുറങ്ങളിലെ ആളുകൾ പലപ്പോഴും വൈദ്യന്മാരെയാണ് പാമ്പുകടി ഏറ്റാൽ ആശ്രയിക്കുന്നത്. ഭൂരിഭാഗം പാമ്പുകടികളും വിഷം ഏൽക്കാത്തവയായതിനാൽ വിഷവൈദ്യൻ നിരവധി പേരുടെ ‘രക്ഷകൻ’ ആയി മാറിയിരിക്കും. ഈ വിശ്വാസത്തിലാണ് ആളുകൾ വീണ്ടും വീണ്ടും വിഷവൈദ്യന്മാരെ തേടി ചെല്ലുന്നത്. ആഴത്തിൽ പാമ്പുകടിയേറ്റയാൾ ഇതോടെ മരണത്തിന് കീഴടങ്ങുന്ന സാഹചര്യം വരുന്നു. ഇത് കൂടാതെ പാമ്പുകടി ഏറ്റയാൾക്ക് നൽകേണ്ട പ്രാഥമിക ശുശ്രൂഷകളിലെ പിഴവ് മറ്റൊരു പ്രശ്നമാണ്. പലരും പാമ്പിനെ തിരഞ്ഞ് നേരം കളയും. ആന്റിവെനം നൽകാൻ ഏത് പാമ്പാണ് കടിച്ചതെന്ന് അറിയേണ്ടതില്ലെന്ന് മിക്കവർക്കും അറിയില്ല.

2030-ഓടെ പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കർമ്മ പദ്ധതി (NAPSE) ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അവരുടെ പ്രവർത്തന പദ്ധതി പ്രത്യേകമായി വികസിപ്പിച്ചെടുക്കാൻ ഈ ആക്ഷൻ പ്ലാനിൽ അവസരമുണ്ട്.

‘വൺ ഹെൽത്ത്’ എന്ന പദ്ധതിയിലൂടെ പാമ്പുകടി നിയന്ത്രണം നടപ്പിലാക്കാൻ കർമ്മ പദ്ധതി ലക്ഷ്യമിടുന്നു. പാമ്പുകടി ഏൽക്കുന്നവർക്ക് അടിയന്തര സഹായവും മാർഗനിർദേശവും നൽകുന്ന ഒരു ഹെൽപ്പ് ലൈൻ നമ്പർ – 15400 – അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി (UTs) പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് വൈദ്യസഹായവും വിവരങ്ങളും ഉടനടി ലഭ്യമാക്കുകയാണ് ലക്ഷ്യം.

Share
Leave a Comment

Recent News