എറണാകുളം : ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി നാല് കോടിയിലേറെ രൂപ തട്ടിയെടുത്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്സൈൽ, മിസ്ഹാപ് എന്നിവരെയാണ് കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.കാക്കനാട് സ്വദേശിയിൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി .
തട്ടിപ്പിന്റെ സൂത്രധാരൻമാരായ ഉത്തരേന്ത്യൻ സംഘത്തിന് സഹായം ചെയ്തു കൊടുത്തവരാണ് പിടിയിലായ പ്രതികൾ എന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനായി അക്കൗണ്ട് നൽകുന്നവർക്ക് 25000 രൂപ മുതൽ 30000 വരെ ലഭിക്കുന്നുവെന്ന് പോലീസ് പറയുന്നു. തട്ടിപ്പ് പണം എടിഎമ്മിൽ നിന്നും പിൻവലിച്ച് നൽകുന്നതിനും കമ്മീഷനുണ്ടെന്നും കൊടുവള്ളി കേന്ദ്രികരിച്ച് വൻ സംഘം പ്രവർത്തിക്കുന്നുവെന്നും പോലീസ് പറയുന്നു. പിടിയിലായ പ്രതികളുടെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടാണ്. വാഴക്കാല സ്വദേശി ബെറ്റി ജോസഫ് എന്ന സ്ത്രീയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബാങ്കിന്റെ ഡൽഹി ബ്രാഞ്ചിൽ ബെറ്റിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് ഉപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.. ഡൽഹി പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റ് നടത്തിയെന്ന് ബെറ്റിയെ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ബെറ്റിയുടെ അക്കൗണ്ടുകളിലുളള പണം നിയമപരം എന്ന് വരുത്താൻ മുഴുവൻ തുകയും മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും നിർദ്ദേശിച്ചു . തട്ടിപ്പുകാരുടെ കെണി മനസിലാക്കാതെ ബെറ്റി മൂന്ന് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 4.1 കോടി രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് കൈമാറുകയായിരുന്നു.
Discussion about this post