കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ രാജ്യമെമ്പാടും നിരവധി പേരാണ് തട്ടിക്കപ്പെട്ടത്. എന്നാല്‍ ഇതെക്കുറിച്ച് വ്യാപകമായി ബോധവല്‍ക്കരണം നടത്തിയെങ്കിലും വീണ്ടും ജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുകയാണ്. ഇത്തവണ പുതിയ രൂപത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. കൊച്ചിയിലാണ് സംഭവം.
എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തു. ജെറ്റ് എയര്‍വേസ് എം.ഡി.യുമായി ചേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു എളംകുളം സ്വദേശിക്ക് ഭീഷണി ഫോണ്‍ കോള്‍ വന്നത്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി.
നവംബറില്‍ നടന്ന സംഭവത്തില്‍ കൊച്ചി സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. അക്കൗണ്ടിലെ മുഴുവന്‍ തുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍.ബി.ഐ.) പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഗത്യന്തരമില്ലെന്ന് തോന്നിയപ്പോള്‍ നവംബര്‍ 22-ന് 5000 രൂപയും 28-ന് ഒരു ലക്ഷം രൂപയും അയച്ചുകൊടുത്തു.
തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നല്‍കി. ഈ പണം തിരികെ കിട്ടാതായതോടെ പറ്റിക്കപ്പെട്ടയാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളത്ത് വീട്ടമ്മയില്‍നിന്ന് ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ 4.12 കോടി രൂപ തട്ടിയതിന് മുമ്പ് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
Discussion about this post