കാഞ്ഞിരപ്പള്ളി: കെ.എം മാണി. ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വിഭാഗീയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) ഓഫിസിന്റെ ബോര്‍ഡില്‍ നിന്നു മായ്ച്ചു കളഞ്ഞ കെ.എം. മാണിയുടെ പേരും എം എന്ന അക്ഷരവും തിരിച്ചെത്തി. വെള്ളക്കടലാസില്‍ പ്രിന്റ് ചെയ്ത് ഇവ ബോര്‍ഡില്‍ ഒട്ടിക്കുകയായിരുന്നു.
പുത്തനങ്ങാടിയിലെ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ബോര്‍ഡിലെ കെ.എം. മാണിയുടെ പേരും, പാര്‍ട്ടിയുടെ ബ്രാക്കറ്റിലുള്ള എം എന്ന അക്ഷരവുമാണ് കഴിഞ്ഞ ദിവസം പെയിന്റടിച്ച് മറച്ചത വലിയ വാര്‍ത്തയായിരുന്നു.
പഴയ ജോസഫ് ഗ്രൂപ്പിന്റെ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസായിരുന്നു വിവാദത്തില്‍ ഇടംപിടിച്ചത്. മാണി, ജോസഫ് ഗ്രൂപ്പുകള്‍ ലയിച്ചതോടെ കേരള കോണ്‍ഗ്രസി (എം) ന്റെ മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായെന്ന പ്രചാരണം വന്ന കഴിഞ്ഞ ദിവസം തന്നെ ബോര്‍ഡിലെ പേരു ജോസഫ് വിഭാഗം മായ്ക്കുകയായിരുന്നു. കെ.എം. മാണി, പി.ജെ. ജോസഫ് സിന്ദാബാദ് എന്നെഴുതിയിരിക്കുന്നതില്‍ മാണിയുടെ പേരു മാത്രമാണ് മായ്ച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ടയാളാണ് പേരു മായ്ച്ചതിനു പിന്നിലെന്നാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം.
ഡല്‍ഹിയില്‍ നടന്ന റബര്‍ സമരത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ട് നിന്ന ദിവസമാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഇന്നലെ ജോസഫും മാണിയും കൂടിക്കാഴ്ച നടത്തി പ്രശനങ്ങള്‍ ചര്‍ച്ച ചെയ്ത് രമ്യതയിലെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണമായ ഉറപ്പ് നല്‍കിയില്ല.
Discussion about this post