നാദാപുരം:നാദാപുരത്ത് നടന്ന അക്രമം അമര്‍ച്ച ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചതായി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. കൊലചെയ്യപ്പെട്ട ഷിബിന്റെ വീടും അക്രമം നടന്ന ഭൂരിഭാഗം വീടുകളും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിനു ശേഷം ഒരു സമുദായത്തില്‍പ്പെട്ടവരുടെ ഭവനങ്ങള്‍ കൊള്ളയടിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 23നാണ് ഈ സംഭവം നടന്നത്.
ഒരുമാസത്തോളമാവാറായിട്ടും കൊള്ളമുതലുകള്‍ കണ്ടെത്തുന്നതിനും ക്രിമിനലുകളെ പിടികൂടുന്നതിനും കഴിഞ്ിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരോട് നഷ്ടങ്ങളെക്കുറിച്ച് കണക്ക് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും വീരാന്‍കുട്ടി പറഞ്ഞു.
വീട് നിര്‍മിക്കുന്നതിനായി നല്‍കിയ പ്‌ളാനും മറ്റും പരിശോധിച്ച് നഷ്ടക്കണക്കുകള്‍ പി.ഡബ്‌ള്യു.ഡിയെക്കൊണ്ട് കണ്ടെത്തേണ്ടതാണ്. എന്നാല്‍, അത് നടന്നില്ല. പല വീടുകളും പൂര്‍ണമായും പുനര്‍നിര്‍മിക്കേണ്ട അവസ്ഥയാണ്. നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്രയുംവേഗം നല്‍കണം.
അതിന് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമഭേദഗതിയുള്‍പ്പെടെ നടത്തണമെങ്കില്‍ അതേകുറിച്ചും ആലോചിക്കും. വളരെ ശക്തമായ പൊലീസ് സംവിധാനമുണ്ടെങ്കിലും അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കിനിന്നുവെന്നാണ് ആക്ഷേപം. ഇത്, ഏറെ ഗൗരവമുള്ളതാണ്.
ഈ സമയത്ത് എവിടെയാണ് പാളിച്ച പറ്റിയതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. മറ്റു ഏജന്‍സികളുടെ കണക്കെടുപ്പുകള്‍ക്ക് കാത്തുനില്‍ക്കാതെ കമീഷന്‍ നഷ്പരിഹാരം കണക്കാക്കും. ഇത് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലാത്തപക്ഷം സര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. വേണ്ടിവന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശചെയ്യുമെന്നും കമ്മീഷന്‍ അറിയിച്ചു.
നാദാപുരത്ത് പോലിസ് നിഷ്‌ക്രിയമായിരുന്നു. പട്ടാപ്പകല്‍ നടന്ന കൊള്ളയും കൊള്ളിവെപ്പും അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല. ഇത്തരം വീഴ്ചകളെക്കുറിച്ച് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിക്കഴിഞ്ഞതായും, എല്ലാവിധ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post