രാജ്യത്താകെ സ്വകാര്യ കേബിള്‍ ടി.വി. ലൈനുകള്‍വഴി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വിതരണം നടത്താന്‍ ബി.എസ്.എന്‍.എല്‍. ഒരുങ്ങുന്നു. കേരളത്തിലാണ് ഇതിന് തുടക്കം കുറിക്കുന്നത്.
രാജ്യത്താകമാനം ബി.എസ്.എന്‍.എല്ലിന് 12 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ഇതില്‍ ഏതാനും ലക്ഷം വരിക്കാര്ക്കേ ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നുള്ളൂ. എന്നാല്‍, കേബിള്‍ ടി.വി. ലൈനിലൂടെ (ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈന്‍) ബ്രോഡ്ബാന്‍ഡ് സേവനം കൊടുക്കുമ്പോള്‍ കോടിക്കണക്കിന് വരിക്കാര്‍ക്ക് എളുപ്പം അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാകും.
സ്വകാര്യ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഇതിന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. നിലവില്‍ ബി.എസ്.എന്‍.എല്‍. വരിക്കാര്‍ക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്. ഇത് മൊത്തം വരിക്കാരുടെ വളരെ ചെറിയ ശതമാനമേ വരൂ. അതും കുറഞ്ഞവേഗത്തില്‍.
വരുമാനത്തിന്റെ 35 ശതമാനം കേബിള്‍ ടി.വി.ക്കാര്‍ക്കും 65 ശതമാനം ബി.എസ്.എന്‍.എല്ലിനും എന്നാണ് കരാര്‍. മോഡം നല്കുന്നതുള്പ്പടെ അടിസ്ഥാനസൗകര്യങ്ങളും മറ്റ് സേവനങ്ങളും അതത് കേബിള്‍ ടി.വി. കമ്പനികള്‍ ഒരുക്കണം.
മാസവരിസംഖ്യയുള്പ്പെടെ ഉപഭോക്താക്കളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ബി.എസ്.എന്‍.എല്‍. നേരിട്ടായിരിക്കും നടത്തുക. ഇന്റര്‍നെറ്റിലെ തടസ്സങ്ങള്‍ നിശ്ചിതസമയത്തിനകം കേബിള്‍ ടി.വി. കമ്പനികള്‍ പരിഹരിക്കണം.
90 ശതമാനം പരാതികളും മൂന്നുമണിക്കുറിനുള്ളിലും 99 ശതമാനം പരാതികള്‍ എട്ടുമണിക്കൂറിനുള്ളിലും പരിഹിരിക്കണം. അല്ലാത്തപക്ഷം പിഴ ഈടാക്കാമെന്നും കരാറിലുണ്ട്. ടി.വി., കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവയിലേക്ക് കേബിള്‍ ടി.വി. വഴിയുള്ള ഇന്റര്‍നെറ്റ് സ്വീകരിക്കാം. ഇതിനുപുറമെ പ്രത്യേക ഫോണും ഇതിനോട് ഘടിപ്പിക്കാം.
Discussion about this post