ലിറ്റില്‍ സൂപ്പര്മാന് എന്ന തന്റെ ചിത്രത്തിനെ കുറിച്ച് ക്രിസ്തീയ മത അധ്യക്ഷന്മാരില് ചിലര്‍ നടത്തിയ പ്രചരണങ്ങള്‍ ഞെട്ടിച്ചുവെന്ന് സംവിധായകന് വിനയന്. ഒരു മതങ്ങളെയും, ദൈവങ്ങളയും മോശക്കാരാക്കണമെന്ന് ചിത്രം എടുക്കുമ്പോള്‍ ചിന്തിച്ചിരുന്നില്ലെന്നും വിനയന് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം സാംസ്ക്കാരിക കേരളമാണ്.കലയേയും കലാകാരനയും അവന്റെ വഴിയ്ക്ക് വിടുക. സിനിമയെ സിനിമയായി കാണുക-വിനയന് പ്രതികരിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം കാണുക-
‘ലിറ്റില്‍ സൂപ്പര്മാന് ‘ എന്ന എന്റെ ചിത്രം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമല്ലൊ. ആ ചിത്രം എടുക്കുമ്പോള്‍ ഏതെങ്കിലും മതത്തെയൊ, ദൈവങ്ങളെയൊ മോശമാക്കണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. മാത്രമല്ല ആരോരും സഹായത്തിനില്ലാത്ത ഒരു കൊച്ചു കുട്ടിയെ ഈശ്വരന് സഹായിക്കുന്നു എന്ന ഒരു മെസ്സേജ് ആയിരുന്നു ഞാന്‍ ആ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചത്.
എന്നാല്‍ ക്രിസ്തീയ സഭാദ്ധ്യക്ഷന്മാരായ ചില പുരോഹിതര്‍ ചിത്രത്തെ പറ്റി പറയുകയും പ്രചരിപ്പിക്കുകയും ചെയ്ത എതിരായ അഭിപ്രായം എന്നെ ഞെട്ടിക്കുന്നതായിരുന്നു. ആ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് തന്ന സെന്‍സര്‍ ബോര്‍ഡ് പോലും ഇതില്‍ എനിക്കെതിരെ ഇടപെടുന്ന അവസ്ഥ ഉണ്ടായിട്ടുപോലും ഞാന്‍ അതൊരു വിവാദമാക്കാനൊ അതുവഴി ചിത്രത്തിനു പബ്ലിസിറ്റി നേടാനൊ ശ്രമിച്ചില്ല. കാരണം ഇതു കുട്ടികളെ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കു വേണ്ടി ഉണ്ടാക്കിയ ചിത്രമായിരുന്നു. വിവാദം ചിലപ്പോള്‍ നെഗറ്റീവ് റിസള്‍ട്ട് ഉണ്ടാക്കിയേക്കാം.
നിയമപ്രകാരം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ ഏതു ശക്തിയേയും നേരിട്ട് ചിത്രം പ്രദര്‍ശനം തുടരാന്‍ എനിക്കു സാധിക്കുമായിരുന്നു. ഇവിടെ കോടതിയും നിയമവും ഒക്കെ ഉണ്ടല്ലൊ. പക്ഷെ ചെറുപ്പക്കാരല്ല ഈ ചിത്രത്തിന്റെ പ്രധാന പ്രേക്ഷകര്‍ കുട്ടികളാണ്. കുടുംബങ്ങള്‍ ചിലപ്പോള്‍ വിവാദങ്ങള്‍ മൂലം തീയറ്ററില്‍ നിന്നും അകന്നേക്കാം. അതുകൊണ്ടു മാത്രമാണ് ഗ്രാഫിക്സിനും മറ്റുമായി 75 ലക്ഷത്തോളം വീണ്ടും മുടക്കി ക്ലൈമാക്സ് പുനര്‍ചിത്രീകരിച്ച് ചിത്രം റീറിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചു. ഗ്രാഫിക്സ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നു.
അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് റിലീസ് ചെയ്ത ഈ പരീക്ഷണചിത്രവും 3ഡി ഇഫക്ട്സിലും, ഗ്രാഫിക്സിലും മറ്റും ഏറ്റവും മികച്ചതാണെന്ന അഭിപ്രായം നേടിയിരുന്നു. ഈ കൊച്ചുകേരളത്തിന്റെ ബഡ്ജറ്റിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് പരീക്ഷണം നടത്താനാണ് ഞാന്‍ ശ്രമിച്ചത്. കണ്ടവരെല്ലാവരും നല്ല അഭിപ്രായം പറഞ്ഞെങ്കിലും ആറാം ദിവസം ചിത്രം പിന്‍വലിക്കേണ്ടി വന്നു എന്ന ദുഖ സത്യത്തിന് ആരാണ് ഉത്തരവാദി? അതുവഴി എനിക്കുണ്ടായ മാനസികമായ വിഷമത്തിനും ഭീമമായ സാമ്പത്തിക നഷ്ടത്തിനും നമ്മുടെ സാംസ്കാരിക കേരളത്തെയാണ് ഞാന്‍ പഴിചാരുന്നത്. കലയേയും കലാകാരനെയും അവന്റെ വഴിക്കു വിടുക. സിനിമയെ സിനിമയായി കാണുക.
എന്റെ ചിത്രത്തെ മോശമാക്കാനും എന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ ഇല്ലാതാക്കാനും വമ്പന്മാരുടെ ഒരു നിര തന്നെ ഒരുങ്ങി നില്ക്കുന്ന ഈ കേരളത്തില്‍ ‘ലിറ്റില്‍ സൂപ്പര്‍മാന്റെ’ ഇഷ്യു ഒരു ചര്‍ച്ച പോലും ആയില്ല എന്നതില്‍ ഞാന്‍ അതിശയിക്കുന്നില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ ബാലനടനുള്ള നാന അവാര്‍ഡ് മാസ്റ്റര്‍ ഡെനിക്കു കിട്ടിയത് ഒരു പ്രോത്സാഹനമായി ഞാന്‍ കാണുന്നു.
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന രീതിയില്‍ കുറേക്കൂടി ഗ്രാഫിക്സ് സീക്വന്‍സുകള്‍ ഉള്കൊള്ളിച്ചുകൊണ്ട് 30 മിനിറ്റോളം റീഷൂട്ട് ചെയ്താണ് ചിത്രം ഈ വെക്കേഷന് കാലത്ത് റിലീസ് ചെയ്യാന്‍ പോകുന്നത്. കുട്ടികള്‍ക്കും കുടുംബസദസ്സിനും ഈ ചിത്രം സമ്പൂര്‍ണ്ണ എന്റര്‍റ്റെയിനര്‍ ആയിരിക്കും എന്നു ഞാന്‍ ഉറപ്പു തരുന്നു. നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഉണ്ടാകുമല്ലൊ!
Discussion about this post