ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ പോലീസിനും തമിഴ്നാട് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പോലീസിന്റെ കയ്യിൽ നിന്നുമാണ് കേസിന്റെ എഫ്ഐആർ ചോർന്നത് എന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുകയാണ്. എന്നാൽ ക്യാമ്പസിൽ പോലീസിനെ വിലക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നും കനത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസിൽ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ നടന്ന വാദത്തിനിടയിൽ ആയിരുന്നു സർക്കാരിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്. ഇന്ന് പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് കാരണം സർക്കാർ ആണെന്നും കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷമായി ഈ പ്രതി ക്യാമ്പസിനുള്ളിൽ കയറിയിറങ്ങുന്നു. എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകും എന്ന് ആർക്കറിയാം. പ്രതിയിൽ നിന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ദുരനുഭവമോ നേരിട്ട പെൺകുട്ടികൾ ക്യാമ്പസിനുള്ളിൽ ഉണ്ടെങ്കിൽ പുറത്തു പറയാൻ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
തമിഴ്നാട് പോലീസും സർക്കാരും സദാചാര പോലീസ് കളിക്കേണ്ട എന്നും മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി. പെൺകുട്ടി ആരോടൊപ്പമാണ് പുറത്തുപോയത് എന്ന് പോലീസ് നോക്കേണ്ട കാര്യമില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പോകരുതെന്ന് സർവകലാശാലയ്ക്ക് പറയാനുള്ള അധികാരമില്ല. പ്രായപൂർത്തിയായ പെൺകുട്ടിയാണ്. പുരുഷ സുഹൃത്തിന് ഒപ്പം സമയം ചിലവിടാൻ അവൾക്ക് അവകാശമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അസംബന്ധ പരാമർശങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
Leave a Comment