വാഷിങ്ടണ്‍: അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്ലാദന് താന്‍ സമ്പാദിച്ച സ്വത്തിന്റെ ഭൂരിഭാഗവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണമെന്ന് വില്‍പ്പത്രം എഴുതിയിരുന്നതായി റിപ്പോര്‍ട്ട്.
2011 ല്‍ പാക്കിസ്ഥാനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഈ വിവരമുള്ളത്. സമ്പാദ്യത്തില്‍ 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോള തലത്തില്‍ ജിഹാദിനായി മാറ്റിവെച്ചിട്ടുണ്ട്.
ഇതിന്റെ ഒരു ശതമാനം മുതിര്‍ന്ന അല്‍ ഖ്വെയ്ദ തീവ്രവാദി നേതാവ് അബു ഹഫ്സ് അല്‍ മൗരിത്താനിക്ക് നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇതുവരെ 30,000 ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും രേഖകളിലുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുള്ള രേഖകള്‍ ഉദ്ധരിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. ആബട്ടാബാദില്‍ വച്ച് 113 രേഖകളാണ് യു.എസ് സൈന്യം കണ്ടെടുത്തത്.
സ്വത്ത് സുഡാനിലുണ്ടെന്നാണ് ലാദന് പറയുന്നത്. എന്നാല്‍ ഇത് പണമായാണോ മറ്റ് സ്വത്ത് വകകളായാണോ എന്നത് വ്യക്തമല്ല. സുഡാന് സര്‍ക്കാരിന്റെ അതിഥിയായി അഞ്ച് വര്‍ഷത്തോളം ലാദന് സുഡാനില്‍ കഴിഞ്ഞിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് 1996 ലാണ് രാജ്യം വിടാന്‍ ഇസ്ലാമിക യാഥാസ്ഥിതിക സര്‍ക്കാര്‍ ഉത്തരവിട്ടത്. തന്റെ മരണശേഷം ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് പിതാവിനോട് ലാദന് ആവശ്യപ്പെടുന്നുണ്ട്.
Discussion about this post