തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ‘സമാധിയായ’ മണിയൻ എന്ന ഗോപൻ സ്വാമിയുടെ കല്ലറപൊളിച്ച് പരിശോധന നടത്തി പോലീസ്. കല്ലറക്കകത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങളും മറ്റും വച്ച് നിറച്ച സ്ഥിതിയിലാണ്. അൽപ്പസമയത്തിനനകം തന്നെ പോലീസ് മൃതദേഹം പുറത്തെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. പോലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല.ഇന്നലെ രാത്രി സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തിയിരുന്നു.കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഇന്നലെ ഹൈക്കോടതി നിരസിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും നീക്കം
റോഡിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പോലീസ് തിരിച്ചിട്ടുണ്ട്. കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പോലീസ് നിയന്ത്രണത്തിലാക്കി.
അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെയാണ് വിവാദം തലപൊക്കിയത്. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്
Discussion about this post