സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽ മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതായി മാറി രക്ഷയേകുന്ന പുണ്യ സ്നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ഭക്തർ. വിദേശത്ത് നിന്ന് വരെ കുംഭമേളയുടെ പരിപൂർണ അർത്ഥമറിയാനായി, അവിടെ ഉയരുന്ന ഊർജ്ജമണ്ഡലത്തെ അനുഭവിച്ചറിയാനായി ആളുകൾ എത്തുന്നു. ഭസ്മവും, രുദ്രാക്ഷവും,മന്ത്രോച്ചാരണങ്ങളും നിറഞ്ഞ പ്രയാഗ് രാജിലേക്ക് എത്തുന്ന ഓരോ ഭക്തന്റെയും കണ്ണുകൾ ഹിമാലയമിറങ്ങി വരുന്ന സന്യാസി സംഘങ്ങളിലേക്ക് നീളുന്നു. ലോകോപകാരാർത്ഥം ഒരു കയ്യിൽ ജപമാലയും മറു കയ്യിൽ ആയുധവുമായി നീങ്ങുന്ന സർവ്വ സംഗ പരിത്യാഗികളായ നാഗസന്യാസിമാരാണവർ.
ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വിഭാഗക്കാരാണവർ, ഒറ്റ നോട്ടത്തിൽ അഘോരി സന്യാസികളുടെ വേഷവിധാനമാണെങ്കിലും രണ്ട് സംഘങ്ങളും ഏറെ വ്യത്യസ്തർ,വ്യത്യസ്ത വഴികളിലൂടെ ശിവചരണത്തിലേക്ക് സഞ്ചരിക്കുന്നവർ. ലൗകികസുഖങ്ങളെല്ലാം വെടിഞ്ഞ് ആകാശത്തെ വസ്ത്രമായി സ്വീകരിച്ച ഈ ദിംഗബരന്മാർക്കാണ് കുംഭമേളയുടെ ആദ്യ പുണ്യസ്നാനത്തിന്റെ അവകാശവും അധികാരവും. മനുഷ്യരാശിയുടെ ഒരിക്കലും വിവരിക്കാനാവാത്ത പൈതൃക സംഗമം എന്ന് യുനസ്കോ വിവരിച്ച കുംഭമേളയുടെ പ്രധാന ആകർഷണം. അതിപുരാതനമായ ശൈലികളാണ് ഇവർ പിന്തുടർന്ന് പോരുന്നത്. രൂപത്തിലും ഭാവത്തിലും നിഗൂഢത. സ്വന്തബന്ധങ്ങളെല്ലാം ത്യജിച്ച് ആത്മസമർപ്പണത്തിലൂടെയും കഠിനജീവിതചര്യകളിലൂടെയുമാണ് ഒരാൾ നാഗ സാധു ആയി മാറുന്നത്. മരണം ഇവരെ ഭയപ്പെടുത്തുന്നില്ല. ബന്ധങ്ങളുപേക്ഷിച്ചെത്തുന്ന ഇവർ സ്വന്തം മരണാനന്തര ക്രിയകളായ ശ്രാദ്ധവും പിണ്ഡവും ചെയ്താണ് നാഗസന്യാസിയായി മാറുന്നത്. 6 മുതൽ 12 വർഷം വരെ കഠിനമായ ദിനചര്യകളിലൂടെയും മറ്റും കടന്നുപോയാൽ മാത്രമാണ് ഒരാളെ നാഗ സാധുവായി കണക്കാക്കുകയുള്ളൂ. കാമം,ക്രോധം തുടങ്ങിയവരെ ത്യജിക്കുന്ന ധർമ്മത്തിന്റെ പരിരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ നാഗസാധുക്കളെന്ന് വിളിക്കുന്നു. ഋഗ് വേദത്തിലും പുരാണത്തിലും നാഗസന്യാസിമാരെ പറ്റി പ്രസ്താവിച്ചിട്ടുണ്ട്.
നാഗ സാധുവാകാൻ ഗുരുവിനെ സ്വീകരിക്കണം. ഗുരു അഖാഡയുടെ തലവനോ അഖാഡയിലെ തന്നെ ഏതെങ്കിലും വലിയ പണ്ഡിതനോ ആകാം. ഗുരുവിന്റെ ഉപദേശങ്ങൾ ശരിയായ രീതിയിൽ നേടിയെടുക്കുമ്പോൾ നാഗ സാധുവാകുന്ന പ്രക്രിയ പൂർത്തിയാകുമെന്ന് പറയപ്പെടുന്നു. ഗുരുവിനെ സേവിച്ച ശേഷം, അവർക്ക് നാഗ സാധുവാകാനുള്ള അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചേരാം. നാഗാ സാധുക്കൾ പരിശീലനം സിദ്ധിച്ച യോദ്ധാക്കളാണെന്നതിൽ സംശയമില്ല. നാഗ സാധുവിനെ കണ്ടതിന് ശേഷം അഘോരി ബാബയുടെ ദർശനം ശിവനെ ദർശിക്കുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു.
അംഗ്രേസി, അംഗാരൻ ,അഗഢ,ഉഗ്രൻ.കപാലികൻ…..തുടങ്ങി 108 സന്യാസി വിഭാഗങ്ങളിൽ ഒന്നായ നാഗസന്യാസികൾ അഥവാ നാഗസാധുക്കൾ ധർമ്മസംസ്ഥാപനത്തിനായി ആയുധമെടുത്ത അനേകം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് ചരിത്രത്തിൽ. രേഖപ്പെടുത്തിയതിനേക്കാൾ ഏറെ വരും അവരുടെ സനാതനധർമ്മത്തിന്റെ രക്ഷയ്ക്കായുള്ള ഇടപെടലുകൾ. മുഗൾ ഭരണാധികാരികൾ മുതൽ ബ്രിട്ടീഷുകാർ വരെ മഹാകുംഭത്തിൽ പങ്കെടുക്കുന്ന ഓരോ തീർത്ഥാടകരിൽ നിന്നും നികുതി ഈടാക്കിയിരുന്നു.ചരിത്രത്തിൽ സ്വേച്ഛാധിപതിയായി ഓർക്കപ്പെടുന്ന അബ്ദാലി, ഗോകുലം, വൃന്ദാവനം തുടങ്ങിയ പുണ്യനഗരങ്ങളെ അശുദ്ധമാക്കാൻ ശ്രമിച്ചു. രാജാക്കന്മാർ അബ്ദാലിയുടെ സൈന്യത്തെ നേരിടാൻ ധൈര്യപ്പെടാതെ തോൽവി സമ്മതിച്ചപ്പോൾ നാഗാ സാധുക്കൾ സധൈര്യം വെല്ലുവിളിച്ച് യുദ്ധത്തിനെത്തി. ആയിരക്കണക്കിന് നാഗ സാധുക്കൾ ആയുധമെടുത്ത് സൈന്യത്തിനെതിരെ ശക്തമായി പോരാടി. യുദ്ധം മൂന്നു മാസത്തോളം നീണ്ടുനിന്നു. അന്തിമവിജയം ധർമ്മത്തിനായി നിലകൊണ്ടവർക്ക് ലഭിക്കുന്നത് വരെ നാഗസാധുക്കൾ ആയുധം താഴെ വച്ചില്ലെന്നത് ചരിത്രം.
1654 ൽ വമ്പൻ പടയോടൊപ്പം കാശിയിലെ പുണ്യപുരാതന ക്ഷേത്രങ്ങൾ മുച്ചൂടും മുടിക്കാനായി ഔറംഗസേബ് ഇറങ്ങിപ്പുറപ്പെട്ടു. സർവ്വസൈന്യവുമായി എത്തിയ ആ മതഭ്രാന്തനെ നേരിടാൻ ആരും ധൈര്യപ്പെടാതിരുന്ന സമയത്ത് ജീവൻ മറന്ന് നാഗസന്യാസിമാർ എത്തി. അന്ന് പതിനായിരക്കണക്കിന് നാഗസാധുക്കളാണ് മരിച്ചുവീണതെങ്കിലും ഗ്യാൻവ്യാപി യുദ്ധത്തിൽ വിജയം നേടാനായി. എന്നാൽ 1659 ൽ ഔറംഗസേബ് വീണ്ടും കാശി ആക്രമിച്ചു. 40,000 ത്തോളം നാഗസന്യാസിമാരിൽ അവസാനത്തെയാളും മരണം വരെ പോരാടിയെങ്കിലും ഔറംഗസേബിന്റെ നിഴൽ കാശിവിശ്വനാഥ ക്ഷേത്രത്തിന് മേൽ പതിച്ചു.
അതേസമയം മുഗളന്മാരുടെ പതനത്തിനുശേഷം,കുംഭ സമ്മേളനങ്ങളുടെ വ്യാപ്തിയിൽ ബ്രിട്ടീഷുകാരായിരുന്നു കണ്ണ് വച്ചത്. 1857 ലെ കലാപത്തിന് ശേഷം, വലിയ ജനക്കൂട്ടം പ്രക്ഷോഭങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് ബ്രിട്ടീഷുകാർ ജാഗ്രത പുലർത്തി. ഏത് കലാപത്തെയും അടിച്ചമർത്തുന്നതിന്റെ ഭാഗമായി അവർ തീർത്ഥാടകർക്ക് കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി.കുംഭമേളയുടെ വരുമാന സാധ്യത മനസ്സിലാക്കിയ ബ്രിട്ടീഷുകാർ തീർഥാടകരിൽ നിന്ന് നികുതി ഈടാക്കാൻ തുടങ്ങി. 1796-ൽ മേജർ ജനറൽ ഹാർഡ്വിക്ക് ഹരിദ്വാർ കുംഭത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി. ഈ പ്രയാസങ്ങൾക്കിടയിലും തീർത്ഥാടകരുടെ ഭക്തി ഒരിക്കലും കുറഞ്ഞില്ല, ഇത് കുംഭമേള ലാഭകരമായ ഒരു സംരംഭമായി കാണാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. 1810 ആയപ്പോഴേക്കും അവർ റെഗുലേറ്റിംഗ് ആക്ട് പ്രകാരം ഔദ്യോഗികമായി നികുതി പിരിക്കാൻ തുടങ്ങി.
എആർ റീഡിന്റെ 1882-ലെ പ്രയാഗ്രാജ് കുംഭത്തിന്റെ കണക്ക് പ്രകാരം, മേളയ്ക്ക് 2000 രൂപ ചിലവായി. 20,228 രൂപ വരുമാനം ലഭിച്ചു. അതായത് ഇന്നത്തെ ദശലക്ഷങ്ങൾക്ക് തുല്യമായ തുക. ക്ഷുരകർ, തോട്ടക്കാർ, തോണിക്കാർ, കച്ചവടക്കാർ എന്നിവരിൽ നിന്നുള്ള നികുതിയിലൂടെയാണ് വരുമാനം ലഭിച്ചത്. 1870-ഓടെ, വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ ഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബ്രിട്ടീഷുകാർ കുംഭമേളയുടെ ഭരണം ഏറ്റെടുത്തു.
സ്വാതന്ത്ര്യാനന്തരം 1954-ൽ നടന്ന ആദ്യ കുംഭമേള ലക്ഷക്കണക്കിന് ഭക്തരെ ആകർഷിച്ചു. ഇപ്പോൾ, 144 വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ മഹാകുംഭത്തോടെ, അത് ആഗോള റെക്കോർഡുകൾ തകർത്തു, യോഗി ആദിത്യനാഥ് സർക്കാരിന്റെ ക്രമീകരണങ്ങൾക്ക് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന സനാതന ധർമ്മത്തിന്റെ പ്രതിരോധശേഷിയുടെയും മഹത്വത്തിന്റെയും കാലാതീതമായ പ്രതീകമായി ഇന്ന് കുംഭമേള നിലകൊള്ളുന്നു.
Discussion about this post