ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ രാഷ്ട്രപതി സംഘടിപ്പിച്ച അത്താഴവരുന്നിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഉൾപ്പെടെയുള്ളവരോടൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നിൽ പങ്കെടുത്തത്. പൗരാണിക ഭാരതത്തിന്റെ സാംസ്കാരിക അവശേഷിപ്പുകൾ ഇപ്പോഴും ഇന്തോനേഷ്യയിൽ സജീവമാണെന്നുള്ള കാര്യം സുബിയാന്തോ അത്താഴവിരുന്ന് വേളയിൽ സൂചിപ്പിച്ചു.
” ഇന്തോനേഷ്യൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം എന്റെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. സ്വാഭാവികമായും അതിൽ ഇന്ത്യൻ ജനിതക ഘടനകളും ഉണ്ടായിരുന്നു. ഇന്ത്യൻ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ നൃത്തം ചെയ്യാൻ ആരംഭിക്കുന്നതിന്റെ കാര്യം അപ്പോഴാണ് പിടികിട്ടിയത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ പൗരാണിക കാലഘട്ടത്തോളം പഴക്കമുള്ള സാംസ്കാരിക ബന്ധമുണ്ട്. ഞങ്ങളുടെ ഭാഷയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം സംസ്‌കൃതത്തിൽ നിന്നാണ് വരുന്നത്. പല ഇന്തോനേഷ്യൻ പേരുകളും സംസ്‌കൃത നാമങ്ങളാണ്. ഇന്തോനേഷ്യന്‍ ജനതയുടെ ദൈനംദിന ജീവിതത്തിൽ, പുരാതന ഇന്ത്യൻ നാഗരികതയുടെ സ്വാധീനം വളരെ ശക്തമാണ്” എന്നും സുബിയാന്തോ അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ മികച്ച രീതിയിൽ പ്രശംസിച്ചു കൊണ്ടാണ് ഇന്തോനേഷ്യൻ പ്രസിഡണ്ട് സംസാരിച്ചത്. മോദിയുടെ ഭരണം പ്രചോദനാത്മകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ദാരിദ്രനിർമാർജനത്തിനും രാജ്യത്തിന്റെ വികസനത്തിനും നൽകുന്ന പ്രാധാന്യം മാതൃകാപരമാണെന്നും സുബിയാന്തോ വ്യക്തമാക്കി. നേതൃത്വവും പ്രതിബദ്ധതയും സംബന്ധിച്ചു കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും താൻ ഏറെ കാര്യങ്ങൾ പഠിച്ചു എന്നും പ്രബോവോ സുബിയാന്തോ അറിയിച്ചു.
Leave a Comment