ആശയറ്റ് ആശാവർക്കർമാർ,ഭീഷണിയുമായി സിഐടിയു വനിതാ നേതാവ്

Published by
Brave India Desk

സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ ഭീഷണിയുമായി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി.പി പ്രേമ. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമ പറഞ്ഞത്.
ആശാ വർക്കർമാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നിൽ സി.ഐ.ടി.യു. നടത്തിയ ബദൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ

ഭരണകൂടത്തെ തെറിവിളിക്കാനും അട്ടിമറിക്കാനുമുള്ളതാണ് സമരം. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ശൈലി ആപ്പ് എന്താണെന്ന് പോലും സമരം ചെയ്യുന്ന ചിലർക്ക് അറിയില്ല. സമരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ഉൾപ്പെടെ പോയവർ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിക്ക് അത് ദോഷം ചെയ്യും. ജോലി പോകുന്ന സ്ഥിതി ഉണ്ടാകുമെന്ന് പ്രേമ പറയുന്നു. ആശമാരെ കേന്ദ്രം തൊഴിലാളികളായി പരിഗണിക്കുന്നില്ലെന്നും ആശമാരുടെ ജോലി ഭാരം വർദ്ധിക്കുന്നുവെന്നും പി.പി. പ്രേമ പറഞ്ഞു. ആശ വർക്കർമാരെ വേണ്ടന്ന് പറഞ്ഞവരാണ് യുഡിഎഫ്. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് ആശമാർക്ക് വേണ്ടി നിലപാട് എടുത്തത്. കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഒരു തുകയും വർധിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും പി.പി പ്രേമ കുറ്റപ്പെടുത്തി.

സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിൽ ഗൂഢാലോചന ഉണ്ട്. തൊഴിലാളികളെ മുൻനിർത്തി സർക്കാരിന്റെ ആട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആനുകൂല്യങ്ങൾ തരാത്തവർക്കെതിരെ ഒന്നിച്ചു സമരം ചെയ്യാൻ തയ്യാറാണെന്നും പ്രേമ പറഞ്ഞു.ഓണറേറിയം വർധിപ്പിക്കണം എന്നാണ് ഞങ്ങളും പറയുന്നത്. എന്നാൽ കേന്ദ്രം ഇതിന് ഒരു സാമ്പത്തിക സഹായവും നൽകുന്നില്ല. ആശമാരെ പറഞ്ഞുപറ്റിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഓണറേറിയം കൂട്ടുമെന്ന വാഗ്ദാനം ഉമ്മൻ ചാണ്ടി പാലിച്ചില്ല. പറഞ്ഞ വാക്കിനു വില നൽകിയില്ല. പിണറായി സർക്കാർ വന്നപ്പോഴാണ് ഓണറേറിയം കൂട്ടിയത്. ആശമാർക്ക് ജോലി ചെയ്യാൻ സുഖകരമായ അന്തരീക്ഷം ഉണ്ടാക്കിയത് പിണറായി സർക്കാരാണെന്ന് പ്രേമ കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News