മക്കളെ സ്‌കൂളിൽ ചേർത്തേണ്ടി വരിക എന്നത് ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ ടെൻഷനാണ്. ഏത് സ്‌കൂളിൽ ചേർക്കും അവിടെയുള്ള ഫീസ്, സ്‌കൂളിന്റെയും അദ്ധ്യാപകരുടെയും നിലവാരം എന്നിങ്ങനെ നൂറ് ആശങ്കകളായിരിക്കും ഓരോ അച്ഛനും അമ്മയ്ക്കും. ഇതിൽ ഏറ്റവും വലിയ പ്രശ്‌നം സ്‌കൂൾ ഫീസ് തന്നെയായിരിക്കും.
ഇന്നത്തെ കാലത്ത് ഏതൊരു സ്‌കൂളിലും താങ്ങാൻ കഴിയാത്ത വിധം ഫീസ് ആണ് ഈടാക്കുന്നത്. എന്നാൽ, കൂടുതൽഫീസ് ഝള്ള സ്‌കൂളുകളാണ് ഏറ്റവും മികച്ചതെന്ന തെറ്റിദ്ധാരണയും നമ്മളിൽ പലരുടെയും ഇടയിലുണ്ട്.
ലോകത്തിൽ ഏറ്റവും കുടുതൽ ഫീസ് വാങ്ങുന്ന സ്‌കൂൾ ഏതാണെന്നറിയാമോ…? ഏറ്റവും ചെലവേറിയ ഈ സ്‌കൂൾ ആഡംബരത്തിൻറെ കാര്യത്തിൽ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ്.
സ്വിറ്റ്‌സർലൻഡിലാണ് ഈ ആഡംബര സ്‌കൂൾ ഉള്ളത്. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്വിറ്റ്‌സർലാൻഡിലുള്ളത്. എന്നാൽ അവയിൽ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസൻബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.
സ്വിറ്റ്‌സർലൻഡിലെ സെൻറ് ഗാലനിൽ കോൺസ്റ്റൻസ് തടാകത്തിന് സമീപത്താണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകൾക്കുമായി പ്രതിവർഷം 176,000 ഡോളറാണ് ഈ ആഡംബര ബോർഡിങ് സ്‌കൂൾ ഈടാക്കുന്നത്. അതായത് ഒന്നരക്കോടിയിൽ അധികം ഇന്ത്യൻ രൂപ. 1889ലാണ് റോസൻബെർഗ് സ്ഥാപിതമായത്. സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളിൽ ഒന്നാണ് ഇത്. 60 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും ആകെ വിദ്യാർത്ഥികളുടെ എണ്ണം വെറും 250 മാത്രമാണ്.
നയതന്ത്രജ്ഞർ, ലോക നേതാക്കൾ, നൊബേൽ സമ്മാന ജേതാക്കൾ, വ്യവസായ പ്രമുഖർ എന്നിങ്ങനെ നിരവധി പേർക്ക് അറിവ് പകർന്ന് നൽകിയതിന്റെ പാരമ്പര്യം റോസൻബർഗ് സ്‌കൂളിന് പറയാനുണ്ട്. 25 ഹെക്ടർറിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്യാമ്പസിൽ വിദ്യാർത്ഥികൾക്കായുള്ള ആഡംബരം താമസസ്ഥലങ്ങൾ, അത്യാധുനിക പഠന ഇടങ്ങൾ, വിദ്യാർത്ഥികൾ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന എസ്എജിഎ ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉൾപ്പെടുന്നു.
അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂൾ വാഗ്ദാനം ചെയ്യുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂൾ ശക്തമായ ഊന്നൽ നൽകുന്നു. പ്രീമിയം സ്വിറ്റ്സർലൻഡ്, 2024-ൽ, റോസൻബെർഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോർഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതൽ ഗേഡ്മാൻ കുടുംബമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസൻബെർഗിനെ നയിക്കുന്നത്. ഗേഡ്മാൻ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട ബെർൺഹാർഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിൻറെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ൽ അൾറിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാർത്ഥത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1924 -ൽ ഷ്മിത്തിൻറെ മരണശേഷം ഗാഡ്മാൻ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.
Leave a Comment