തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന്
ആരംഭിക്കും. ഈ മാസം 23 വരെയാണ് പരീക്ഷ. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ അറിയിച്ചു.
സംസ്ഥാനത്ത് ഇത്തവണ 4,74,286 കുട്ടികളാണ് പരീക്ഷ എഴൂതുന്നത്. 2,591 കുട്ടികള്‍ പ്രൈവറ്റ് സ്കീമിലും പരീക്ഷ എഴൂതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴൂതുന്നത് മലപ്പുറം റവന്യൂ ജില്ലയിലാണ്. 83,315 പേര്. ഏറ്റവും കുറവ് പത്തനംതിട്ട റവന്യൂ ജില്ലയില്‍. 12,481 പേര്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 28,052 പേര്. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍. 2,428 പേര്.
ഏറ്റവും കുറവ് കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് ഇടുക്കി പെരിഞ്ഞാംകുടി ഗവ. ഹൈസ്കൂളും ബേപ്പൂര്‍ ജി.ആര്.എസ്.ടി.എച്ച്.എസുമാണ്. മൂന്നു കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴൂതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുരങ്ങാടി എടരിക്കോട് പി.കെ.എം.എം. എച്ച്.എസിലാണ്. 2,347 കുട്ടികള്‍.
ഭിന്നശേഷിക്കാരായ 17,000 ഓളം കുട്ടികളും പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. ഏപ്രില്‍ 25നകം ഫലം പ്രഖ്യാപിക്കും. മൂല്യനിര്‍ണയത്തിനായി 54 കേന്ദ്രങ്ങള്‍ നിശ്ചയിച്ചതായും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എല്ലാ ദിവസവും ഒന്നരയ്ക്കു കുട്ടികള്‍ ഹാജരാകണം എന്നതിനാല്‍ ഉച്ചയ്ക്കു മുമ്പായി ആ സ്കൂളിലെ എല്ലാ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും പിടിഎ ഭാരവാഹികളും സ്കൂള്‍ വളപ്പു വിട്ടുപോകണം. സര്‍ക്കാര്‍ സ്കൂളാണെങ്കില്‍ സ്കൂളിന്റെ ചുമതലയുള്ള തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും സ്കൂളില്‍ നില്ക്കാന് പാടില്ല.1.45നു ചോദ്യം നല്കി രണ്ടിനു പരീക്ഷ തുടങ്ങും. രണ്ടരയ്ക്കു ശേഷം എത്തുന്നവരെ എഴുതിക്കില്ല. പരീക്ഷാ ക്രമക്കേടു തടയാന്‍ സെക്രട്ടേറിയറ്റിലെയും ഡിപിഐ ഓഫിസിലെയും ഇരുപതോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംസ്ഥാനതല സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.പരീക്ഷാ സമയത്ത് അധ്യാപകരോ വിദ്യാര്‍ഥികളോ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുപോകാന്‍ പാടില്ല. അധ്യാപകരുടെ ഫോണ്‍ പരീക്ഷയ്ക്കു മുമ്പു ചീഫിനെ ഏല്‍പ്പിക്കണം. ക്ലാസിലേക്കു പോകുന്ന അധ്യാപകരുടെ പോക്കറ്റിലോ ബാഗിലോ മൊബൈല്‍ ഉണ്ടെങ്കിലും നടപടി എടുക്കും. കുട്ടികള്‍ക്കു ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവന്നു കുടിക്കാം. പക്ഷേ ഹെഡ്മാസ്റ്ററുടെയോ അധ്യാപകരുടെയോ മാനേജ്മെന്റിന്റെയോ പിടിഎയുടെയോ നേതൃത്വത്തില്‍ വെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ല.കുട്ടികളുടെ മുന്നില്‍വച്ചു ചോദ്യക്കടലാസ് പായ്ക്കറ്റ് പൊട്ടിച്ചു വിതരണം ചെയ്തശേഷം മിച്ചം വരുന്ന ചോദ്യക്കടലാസ് അരമണിക്കൂര്‍ കഴിയുമ്പോള്‍ കുട്ടികളുടെ മുന്നില്‍ വച്ചു തന്നെ കവറിലാക്കി സീല്‍ ചെയ്യണമെന്നാണു പുതിയ നിബന്ധന. അധികം വരുന്ന ചോദ്യക്കടലാസുകള്‍ ചില സ്കൂള്‍ അധികൃതര്‍ പുറത്തേക്കു കൊടുത്തു വിട്ട് ഉത്തരം എഴുതിവാങ്ങി കോപ്പിയടിപ്പിക്കുന്നതു തടയാനാണ് ഈ നടപടി.
Discussion about this post