നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂരിനെ അപമാനിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നാഗ്പൂർ പോലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് അറസ്റ്റ് ചെയ്തത്.റിജാസിന്റെ ഒപ്പമുണ്ടായിരുന്ന ഒരു പെൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിനാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 149,192 , 351, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്തെന്നും കേസുണ്ട്.മക്തൂബ്, ഒബ്‌സർവേർ പോസ്റ്റ് എന്നീ മാദ്ധ്യമങ്ങളിൽ സജീവമായി എഴുതുന്ന ആൾ കൂടിയാണ് റിജാസ്.
കഴിഞ്ഞ പത്ത് ദിവസത്തിൽ റിജാസിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട രണ്ടാമത്തെ എഫ്ഐആർ ആണിത്.ഏപ്രിൽ 29ന് കൊച്ചിയിൽ ഒരു പ്രതിഷേധത്തിൽ പങ്കെടുത്തതിന് റിജാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടായിരുന്ന ഭീകരരുടെ വീടുകൾ തകർത്ത നടപടിക്കെതിരെയായിരുന്നു റിജാസ് പ്രതിഷേധിച്ചത്.
2023ൽ കളമശ്ശേരി സ്ഫോടനക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെയും റിജാസിനെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. 18 വയസുള്ള ഒരു ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകയിലെ കുടകിലേക്ക് പോകുന്ന വഴിയും റിജാസിനെ പോലീസ് തടഞ്ഞിരുന്നു. റിജാസ് നിരന്തരം പൊലീസിനാൽ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ തന്നെ പല തവണയായി പറഞ്ഞിരുന്നു.
Discussion about this post