പാകിസ്താൻ മതത്തിന്റെ പേരിൽ രൂപീകൃതമായ ഒരു രാജ്യമാണെന്നും അവർ വിദ്വേഷത്താൽ പ്രകോപിതരാണെന്നും കുറ്റപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി. ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്താണ് ഈ പരാമർശം. ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘത്തിലെ അംഗമാണ് ജോൺ ബ്രിട്ടാസ്.
ഒരു മതത്തിന്റെ പേരിൽ പാകിസ്താൻ ഒരു രാഷ്ട്രമാകാൻ തീരുമാനിച്ചു, അത് അവരെ വെറുപ്പിന്റെ പ്രേരണയാൽ പ്രചോദിപ്പിക്കുന്നു. അതേസമയം, ഇന്തോനേഷ്യ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മുസ്ലീം സമൂഹമായ ഇന്ത്യയിലാണ് ഇരുനൂറ് ദശലക്ഷം മുസ്ലീങ്ങൾ. ഇത് ഇന്ത്യയുടെ യഥാർത്ഥ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഞാൻ കേരളത്തിൽ നിന്നുള്ള ആളാണ്. ഇവിടെ ഇന്ത്യയിൽ നിന്നും അഞ്ച് രാഷ്ടീയ പാർട്ടി പ്രതിനിധികളാണ് ഈ സംഘത്തിലുള്ളത്. ഇതിൽ മൂന്ന് പാർട്ടികൾ പ്രതിപക്ഷപാർട്ടികളും രണ്ട് പാർട്ടികൾ ഭരണവർഗ്ഗ പാർട്ടികളുമാണ്. എന്നാൽ ഞങ്ങൾ ഒന്നിച്ച് ഇവിടെയെത്തിയിരിക്കുന്നത് ഒരു ദൗത്യത്തിനായിട്ടാണ്. ഇന്ത്യയിലെ ജനാധിപത്യത്തിന് ഉദാഹരണമാണ് ഈ സംഘം. അതുകൊണ്ടാണ് ഇന്ത്യ പാകിസ്താനിൽ നിന്നും വ്യത്യസ്തമാകുന്നത്. 200 മില്ല്യൺ മുസ്ലീം ജനതയാണ് ഇന്ത്യയിലുള്ളത്. അതായത് ഏറ്റവും കൂടുതൽ മുസ്ലീം ജനതയുള്ള രണ്ടാമത്തെ രാജ്യം. ഇത് ഇന്ത്യയുടെ യഥാർഥ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയും വൈവിധ്യവും നിറഞ്ഞതാണ്. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരത ഒരു ക്രിമിനൽ സംഘം നടത്തുന്ന കലാപത്തേക്കാളോ ഭീകര പ്രവർത്തനത്തേക്കാളോ അപകടകരമാണെന്ന് ജോൺ ബ്രിട്ടാസ് പാകിസ്താനെ കുറ്റപ്പെടുത്തി. ഭീകര സംഘടനകൾക്ക് അഭയം നൽകുന്നതിന് പാകിസ്താൻ നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി അവർ ഭീകരതയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ പങ്കാളിത്തത്തിന് ധാരാളം തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിൽ നിന്നുള്ള പ്രകോപനങ്ങൾക്കിടയിലും സമാധാനത്തിനായുള്ള ഇന്ത്യയുടെ സ്ഥിരമായ ശ്രമങ്ങളെ ബ്രിട്ടാസ് എടുത്തുപറഞ്ഞു. “ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. സിന്ധു നദീജല കരാർ പ്രകാരം 80% വെള്ളവും പാകിസ്ഥാന് നൽകി. ഞങ്ങൾ അവരുമായി സഹകരിച്ചിരുന്നു… എന്നിട്ടും, തീവ്രവാദികളെ കടത്തിവിടുന്ന പാത പാകിസ്താൻ തുടർന്നു,” അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെ പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയെ ജോൺ ബ്രിട്ടാസ് വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളുടെ ആഖ്യാനമാണ് നിങ്ങൾ കേട്ടത്. ജപ്പാനിൽ ചെന്നപ്പോഴും ഇതു തന്നെ കേട്ടു. ജപ്പാനിലെ മാദ്ധ്യമങ്ങൾ നൽകിയ വാർത്തകളും പാകിസ്താനോട് നല്ല രീതിയിൽ ചായ് വുള്ള വാർത്തകളായിരുന്നു. എപി, എഎഫ് പി, റോയിട്ടേഴ്‌സ് എന്നിവയാണ് ലോകത്ത് കൂടുതൽ പ്രചാരത്തിലുള്ള പാശ്ചാത്യ വാർത്താ ഏജൻസികൾ. ഇവർ പാകിസ്താനോട് ചായ് വുള്ള വാർത്തകളാണ് നൽകിയതെന്നും ബ്രിട്ടാസ് വിമർശിച്ചു.
Discussion about this post