വാരിയംകുന്നനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആരംഭം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വാരിയം കുന്നനെ മുഖ്യമന്ത്രി പരാമർശിച്ചത്. ഒരു വഞ്ചന കാരണമാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇപ്പോൾ ഉപതിരഞ്ഞടുപ്പ് നടത്തേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഒപ്പംതന്നെ വാരിയംകുന്നനെ പിടികൂടാൻ ചതി കാണിച്ചവരുടെ മണ്ണുംകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. അതിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽഡിഎഫെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും വലിയ വഞ്ചന കാണിച്ചതിനാലാണ് ഇപ്പോൾ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ മണ്ണിന് ഈ മണ്ണിൻറേതായ പ്രത്യേകതകളുണ്ട്. സഖാവ് കുഞ്ഞാലിയെ കേരളവും മലപ്പുറവും മറക്കില്ല. കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിൻറെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാൻ ചതിപ്രയോഗമാണ് ഉപയോഗിച്ചത്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ മണ്ണാണിത്. വാരിയൻ കുന്നത്തിനെ പിടികൂടാൻ ഉപകരണമായി പ്രവർത്തിച്ച് ചതി കാണിച്ചയാളുടെ മണ്ണുകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ നായകനാണെന്ന് മുൻപൊരിക്കൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post