കോഴിക്കോട്: ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ മല്‍സരിക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കെ.കെ. രമ വടകരയില്‍ സ്ഥാനാര്‍ഥിയാകുന്നത്. പാര്‍ട്ടിയുടെ സ്വാധീനമേഖലയില്‍ ജയിക്കാനാകുമെന്ന കണക്കെടുപ്പിന് ഒടുവിലാണ് മല്‍സരിക്കാന്‍ രമ തയാറെടുത്തത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും രമ പിന്മാറുകയായിരുന്നു. ഇത്തവണ ഇരുമുന്നണികളിലെയും ജനതാപാര്‍ട്ടികള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ തങ്ങള്‍ക്കനുകൂലമായി വോട്ടുമറിയുമെന്നാണ് ആര്‍എംപി നേതൃത്വം കണക്കാക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ജെഡയുവിലും ജനതാദള്‍ എസിലും ഭിന്നത വര്‍ധിച്ചതാണ് കാരണം. ഒപ്പം രമയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാനാവുമെന്നും അക്രമരാഷ്ട്രീയം ചര്ച്ചയാക്കാനാവുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
ആര്‍എംപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം 25നുണ്ടാകും. പിണറായി വിജയനെതിരെ ധര്‍മടത്തും കെ.കെ. ലതികയ്ക്കെതിരെ കുറ്റ്യാടി മണ്ഡലത്തിലും ആര്‍എംപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്. കോഴിക്കോട് നോര്‍ത്ത്, അഴീക്കോട്, ബാലുശേരി, എന്നിങ്ങനെ 20 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
Discussion about this post