സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രീ അരങ്ങേറിയത് മൂന്ന് രാഷ്ട്രീയ ആക്രമണങ്ങള്‍. ഇതില്‍ ആലപ്പുഴയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവിടെ ഒരു യുവാവിന്റെ നില ഗുരുതരമാണ്.
നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ സമയത്തുണ്ടായ ആക്രമണങ്ങള്‍ ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും, ആലപ്പുഴയിലും സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
തിരുവനന്തപുരം മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ തിരുവനന്തപുരം മേയറെ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. മേയറെ അസഭ്യം പറഞ്ഞതിനെ ചൊല്ലി സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രകടനത്തിനിടെ നടത്തുന്ന പ്രയോഗങ്ങളെ ചോദ്യം ചെയ്ത് സിപിഎം നടത്തിയ അക്രമം അവരുടെ ദാര്‍ഷ്ട്യമാണ് കാണിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ഒരു ബിജെപി പ്രവര്‍ത്തന്റെ നില ഗുരുതരമാണ്. തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാള്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്, ആര്‍എസ്എസ് ജില്ല ബൗദ്ധിക് പ്രമുഖ് ശ്രീകാര്യം അര്ജ്ജിന് ഗോപാല്‍, ഉള്ളൂര്‍ ശ്യാം, പൗഡിക്കോണം ശിവപ്രസാദ്, പ്രശാന്ത്, സതീശന്, ശ്രീകാര്യം റെജി, വട്ടവിള അനീഷ്. മങ്ങാട്ടുകോണം രതീഷ്. കാട്ടായിക്കോണം ശ്രീജിത്ത്, വിനയന്, ഷിബു, തുടങ്ങി 18 പേര്‍ക്ക് പരിക്കേറ്റും. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കാര്യമായ പരിക്കേറ്റു.
ആലപ്പുഴ ചേപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുനില്‍ കുമാറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സുനില്‍. സിപിഎമ്മാണ് ആക്രമത്തിന് പിന്നില്‍ എന്നാരോപിച്ച് കോണ്‍ഗ്രസ് ചേപ്പാട് പ്ഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്ത് അംഗമടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് കരുതുന്നത്. നേരത്തേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതില്‍ സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പത്തംഗ സംഘം സുനില്‍ കുമാറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വെട്ടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമിസംഘം രക്ഷപ്പെട്ടു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുനിലിനെ ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാദാപുരത്ത് ഉണ്ടായ ബോംബ് ഏറില്‍ നാല് പേര്‍ക്ക് പരിക്കേറ്റു, മുക്കാപറമ്പത്ത് നിയാസ്, ഹാരിഫ്, ഫര്ഹാന്, നൗഷാദ് എന്നിവര്‍ക്കാണ് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ, സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട് മുഖംമൂടിസംഘം വെട്ടിപ്പരിക്കേല്പ്പിച്ചിരുന്ന സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാസര്‍ഗോഡ് ഇന്നലെ രാത്രി നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീട് നേരെ ആക്രമം നടന്നതായും പരാതിയുണ്ട്.
Discussion about this post