തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.പി മുതലുള്ള എല്ലാ സ്കൂളുകളിലും കുട്ടികളെ ഓരോ ദിവസവും ഓരോ സംസ്കൃത വാക്ക് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ദിവസവും ഒരോ സംസ്കൃത പദം ബോര്‍ഡുകളില്‍ എഴുതണമെന്നാണ് നിര്‍ദേശം. സംസ്കൃത പദത്തോടൊപ്പം അത് വായിക്കേണ്ട രീതി മലയാളത്തിലും വാക്കിന്റെ അര്‍ഥം മലയാളത്തിലും ഇംഗ്ലീഷിലും എഴുതുകയും വേണം. ക്ഷമായാചന എന്ന വാക്കും ഉദാഹരണമായി നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ ദിവസവും എഴുതേണ്ട 48 വാക്കുകളും ഉത്തരവിനൊപ്പം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ യു പി സ്കൂള്‍ മുതലാണ് നിലവില്‍ സംസ്കൃതം പഠനഭാഷയായുള്ളത്. അതും മലയാളത്തിന് പകരം ഐഛികഭാഷയായി മാത്രം പഠിക്കാം. യുപി സ്കൂളുകളില്‍ 5, 6, 7 ക്ലാസുകളിലായി 15 പേരെങ്കിലും സംസ്കൃതം ഐഛിക ഭാഷയായി എടുത്താല്‍ മാത്രമാണ് അധ്യാപകരെ നിയമിക്കുന്നത്. ഹൈസ്ക്കൂളിലും ഇതുതന്നെയാണ് അവസ്ഥ. സംസ്കൃതം ഐഛികഭാഷയായി എടുക്കാന്‍ കുട്ടികളില്ലാത്തിനാല്‍ കേരളത്തിലെ സര്‍ക്കാര്‍, എയിഡഡ് മേഖലകളില്‍ മൂന്നിലൊന്ന് സ്കൂളുകളില്‍ മാത്രമേ സംസ്കൃതം പഠിപ്പിക്കാന്‍ അധ്യാപകരും ഉള്ളൂ.എന്നാല്‍ പലയിടത്തും കുട്ടികള്‍ സംസ്കൃതം പഠിക്കാന്‍ തയ്യാറാണെങ്കിലും അധ്യാപകരില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സംസ്്കൃതഭാഷയുടെ മഹത്വം കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പുറമെ വിദ്യാഭ്യാസ ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളിലും സംസ്കൃത വാക്കുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
നേരത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്കൃതം നിര്‍ബന്ധിത പഠന ഭാഷയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവ്. കരുത്തുറ്റ ഭാരതീയ ഭാഷയായ സംസ്കൃതത്തിന്റെ പ്രാധാന്യം ലോകം തിരിച്ചറിയുന്ന സാഹചര്യത്തില്‍ സംസ്കൃത ഭാഷയെ പരിപോഷിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. വേദ ഇതിഹാസ രചിക്കപ്പെട്ട സംസ്കൃത ഭാഷയെ നശിപ്പിച്ചത് മിഷണറികള്‍ നടപ്പാക്കിയ ഇംഗ്ലീഷ് പഠനമാണ്. ഇത് വീണ്ടെടുക്കേണ്ടത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വം പുതിയ തലമുറക്ക് പകരാന്‍ അത്യാവശ്യമാണെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ രംഗത്തുള്ള മിക്കവര്‍ക്കുമുള്ളത്. വിദേശ ഭാഷകള്‍ വരെ പഠിക്കാന്‍ കേരളത്തില്‍ സംവിധാനമിരിക്കെ സംസ്കൃതം അവഗണിക്കപ്പെടുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം സംഘപരിവാര്‍ താല്പര്യമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന പതിവ് വിമര്‍ശനവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
Discussion about this post