തൃശൂര്‍: കോടതിവിധി അനുസരിച്ച് തൃശൂര്‍ പൂരം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും പൂരം നടത്തിപ്പ്. പിതിവുപോലെ പൂരത്തിന് ആന എഴുന്നള്ളിപ്പ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലേസര്‍ വെടിക്കെട്ട് ഭാവിയില്‍ നടപ്പാക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൂരം നടത്തിപ്പുകാരായ പാറമേക്കാവ് , തിരുവമ്പാടി ദേവസ്വങ്ങളുമായി മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയും നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഉപാധികളോടെ ഇളവനുദിക്കാന് ഹൈക്കോടതി ഇന്നലെ തീരുമാനിച്ചിരുന്നു. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ല. ശബ്ദനിയന്ത്രണം പാലിക്കുന്നുവെന്ന കാര്യം കര്‍ശനമായി ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2007ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ അനുസരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വെടിക്കെട്ട് മൂലം ക്ഷേത്രത്തിനോ സമീപത്തെ വസ്തുവകകള്‍ക്കോ കേടുപാടൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. സ്ഫോടക വസ്തു വിഭാഗം ഇവിടെ ഉപയോഗിക്കുന്ന വെടിമരുന്നുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വെടിക്കെട്ട് ആനകളെ ബാധിക്കുമെന്ന മൃഗസംരക്ഷണ ബോര്‍ഡിന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ല.
Discussion about this post