തൃശ്ശൂര്‍ : പൂരവും പുരുഷാരവും, മേളവും വര്‍ണവുമായി പൂരം പെയ്തിറങ്ങുന്ന ദിനത്തിലേക്ക് വടക്കുംനാഥന്റെ മണ്ണ് ഉണര്‍ന്നു.
രാവിലെ സൂര്യചാര്ത്തണിഞ്ഞ് സൂര്യതലോടലിലെ പടിഞ്ഞാറെ ഗോപുര നടയില്‍ താളമിട്ട ആലിലച്ചാര്ത്തുകള്ക്കിടയിലൂടെ ഘടകപൂരങ്ങള്‍ എത്തിയതോടെയാണ് പൂരദിനത്തിന് ചിലമ്പുണര്ന്നത്.
ഇനി പൂരത്തിലേക്കുണര്ന്ന് തേക്കിന്‍കാട് പൂരത്തില്‍ ലയിച്ച്, പൂരത്തില്‍ അലിഞ്ഞ്, പൂരത്തില്‍ നിറഞ്ഞ് പരുഷാരത്തില് വിലയിക്കും. പഞ്ചാരിയും, തെക്കോട്ടിറക്കവും, കുടമാറ്റവും വെടിക്കെട്ടുമായി പൂരം രസഭാവങ്ങളില്‍ നിറഞ്ഞ് ഒഴുകും.
ഇന്നലെ രാവിലെ നെയ്തലക്കാവിലമ്മ തെക്കേഗോപുരം തള്ളിത്തുറന്ന് എഴുന്നെള്ളിതോടെ തുടങ്ങിയ പൂരം ഇന്ന് കാഴ്ചയുടെ ഉത്സവമായി പെയ്തിറങ്ങുകയാണ്. പൂരദിവസം ആദ്യമെത്തുന്നത് ഘടകപൂരങ്ങളാണ്. ആര്‍പ്പു വിളികളുടെ നടുവിലൂടെ ആദ്യം കണിമംഗലം ശാസ്താവ്. പിന്നാലെ പനമുക്കംപിള്ളി ശാസ്താവ്. തുടര്‍ന്ന് ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാര്‍ . തട്ടകങ്ങളില്‍ നിന്ന് ദേവീദേവന്മാരോടൊപ്പം ഭക്തരും എത്തും. തൃശ്ശൂര്‍ പൂരത്തിന് മുഖ്യ പങ്കുവഹിക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പാണ് പൂരത്തിന്റെ രാവിലത്തെ മുഖ്യ വിശേഷം. തിരുവമ്പാടി ഭഗവതിയാണ് ആദ്യം എഴുന്നള്ളുന്നത്. മഠത്തിലേക്കുള്ള വരവ്. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ പെരുമയില്‍ മഠത്തില്‍വരവ്. ന്രായ്ക്കനാലില് പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക്. പതിനഞ്ച് ആനകള്‍ അണിനിരക്കും.
ഉച്ചയ്ക്കാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്. മേളം ചെമ്പട. പതിനഞ്ച് ആനകളുടെ അകമ്പടിയോടെ ഭഗവതി സ്വരാജ് റൗണ്ട് മുറിച്ചുകടന്ന് തേക്കിന്‍കാട്ടിലൂടെ പാണ്ടിമേളത്തിന്റെ വഴിത്താരയില്‍ കിഴക്കേഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെത്തും. മേളം കൊഴുക്കും. തുടര്‍ന്ന് വടക്കുംനാഥനെ വലംവെച്ച് ഭഗവതിമാര്‍ തെക്കോട്ടിറക്കം. പാറമേക്കാവ് ഭഗവതി സ്വരാജ് റൗണ്ടിലെത്തി ഗോപുരത്തിന് അഭിമുഖമായി നില്ക്കും. തിരുവമ്പാടി ഭഗവതി ഗോപുരച്ചുവട്ടില്‍ പാറമേക്കാവിന് അഭിമുഖമായി നില്ക്കും. തുടര്‍ന്ന് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റം.
രാത്രിയില്‍ പകല്‍പ്പൂരം ആവര്‍ത്തിക്കും. ഇരുവിഭാഗത്തിനും പഞ്ചവാദ്യം അകമ്പടി. പാറമേക്കാവ് മണികണ്ഠനാലിലും തിരുവമ്പാടി നായ്ക്കനാലിലും എഴുന്നള്ളി നില്ക്കും. രാത്രിയിലെ പൂരം സമാപിക്കുമ്പോള്‍ വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചലുണ്ടാകും.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. ബാഗുകള്‍ക്ക് ഉള്‍പ്പടെ നിരോധനമുണ്ട്. കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ മേല്‍നോട്ടവും സുരക്ഷയുണ്ട്.
Discussion about this post