കൊല്‍ക്കത്ത: സിപിഎം വിട്ട് ഈയിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയ റസാഖ് മൊല്ലയാണ് രൂപ ഗാംഗുലിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. മഹാഭാരത സീരിയലില്‍ ദ്രൗപദിയായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന രൂപാ ഗാംഗുലിയെ വ്യക്തിപരമായ അപഹസിക്കുന്ന പ്രസ്താവനയാണ് റസാഖ് മൊല്ല നടത്തിയത്.
‘അവര്‍ ശരിക്കും ഒരു ദ്രൗപദി തന്നെയാണ്. അവള് വലിക്കുന്ന സിഗരറ്റിന്റെ നീളം പോലും എനിക്കറിയാം’ എന്നായിരുന്നു റസാക്ക് മുല്ല പ്രസംഗിച്ചത്. ഇടതുപക്ഷ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ഇദ്ദേഹം 2014ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു.പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതീകരണവുമായി രൂപ ഗാംഗുലിയും ബിജെപിയും രംഗത്തെത്തി.
ബംഗാളിലെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്ത്രീകളോട് എന്താണ് ചെയ്യുന്നതെന്നാണ് പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്ന് രൂപാ ഗാംഗുലി പ്രതികരിച്ചു. പ്രചരണ രംഗത്ത് ശ്രദ്ധ ലഭിക്കുന്നതിനായാണ് റസാക്ക് മുല്ല പ്രമുഖ വ്യക്തികള്‍ക്കെതിരെ വിലകുറഞ്ഞ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും രൂപ കുറ്റപ്പെടുത്തി.
മൊല്ലക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. ഹൗറ നോര്‍ത് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ളക്കെതിരെയാണ് രൂപാ ഗാംഗുലി മത്സരിക്കുന്നത്.
Discussion about this post