കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഉള്‍പ്പെടെ 349 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. സൗത്ത് കോല്‍ക്കത്തയിലെ ഭവാനിപുരില്‍നിന്നാണു മമത മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷിയും ബിജെപിയുടെ ചന്ദ്രകുമാര്‍ ബോസുമാണ് മമതയുടെ എതിരാളികള്‍. സുഭാഷ് ചന്ദ്രബോസിന്റെ പേരക്കുട്ടിയാണ് ചന്ദ്രകുമാര്‍.
സൗത്ത് 24 പര്‍ഗാനാസ്, കോല്‍ക്കത്ത സൗത്ത്, ഹൂഗ്ലി ജില്ലകളുള്‍പ്പെടെ ഇന്നു വോട്ടെടുപ്പു നടക്കുന്ന 53 മണ്ഡലങ്ങളില്‍ 1.2 കോടി വോട്ടര്‍മാരാണുള്ളത്. നാരദ ഒളികാമറ കൈക്കൂലി വിവാദത്തില്‍പെട്ട തൃണമൂലിന്റെ സുബ്രത മുഖര്‍ജി, കോല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി, നഗരവികസന മന്ത്രി ഫിര്‍ഹദ് ഹക്കിം എന്നിവരും ഇന്നു ജനവിധി തേടുന്നുണ്ട്. വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി, ഭവന-യുവജനകാര്യമന്ത്രി അരൂപ് ബിശ്വാസ്, ഊര്‍ജമന്ത്രി മനീഷ് ഗുപ്ത, ദുരന്തനിവാരണ-ഫയര്‍ സര്‍വീസ് മന്ത്രി ജാവേദ് അഹമ്മദ് ഖാന് എന്നിവരും മത്സരരംഗത്തുള്ള പ്രമുഖരാണ്.
അക്രമസംഭവങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 90,000 കേന്ദ്ര- സംസ്ഥാനസേനകളാണ് തെരഞ്ഞെടുപ്പിനു കാവലൊരുക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയ റെയ്ഡില്‍ 1.5 ലക്ഷം രൂപയുടെ അനധികൃത പണവും 98.4 ലക്ഷം ലിറ്റര്‍ വ്യാജമദ്യവും ബോംബുകളും ആയുധങ്ങളും പിടികൂടിയിരുന്നു.
Discussion about this post