തൃശൂര്‍ : ചന്ദ്രബോസ് കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെതിരെയുണ്ടായിരുന്ന മുന്‍ കേസുകള്‍ ഒതുക്കിത്തീര്ത്തതിനെക്കുറിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിസാമിനോട് പേരാമംഗലം സ്റ്റേഷനിലെ റൈറ്റര്‍ അഞ്ചുലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണവും അന്വേഷിക്കുമെന്ന് ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മുഹമ്മദ് നിസാമിന്റെയും ഭാര്യ അമലിന്റെയും ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്‍ വഴി ലഭ്യമാക്കാന്‍ മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടിട്ടുണ്ട്. നിസാമിനെതിരെ മുമ്പുണ്ടായിരുന്ന കേസുകള്‍ പ്രോസിക്യൂഷന് എതിര്‍ക്കാതെയും പരാതിക്കാരെ സ്വാധീനിച്ചും ഒതുക്കിത്തീര്‍ത്തെന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. നിസാമിനെതിരെ കാപ്പ നിയമം ചുമത്തുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റില്ല . സിറ്റി പൊലീസ് മേധാവി ആര്. നിശാന്തിനി അന്വേഷണത്തിനു നേതൃത്വം നല്‍കും. ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍റെഡ്ഡി അന്വേഷണ പുരോഗതി വിലയിരുത്തും. അന്വേഷണ സംഘത്തെ മാറ്റണമെന്നു ചന്ദ്രബോസിന്റെ വീട്ടുകാര്‍ സന്ദര്‍ശനവേളയില്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണം നടത്തി 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്യും.
ചന്ദ്രബോസിന്റെ വീട്ടുകാര്‍ നിര്‍ദേശിക്കുന്ന അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മന്ത്രി അറിയിച്ചുൂ. പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന കാര്യത്തില്‍ ഉറപ്പു നല്കുന്നു. ഉന്നത രാഷ്ട്രീയക്കാരുമായി പ്രതിക്കു വലിയ ബന്ധമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പരിഗണനയും ലഭിക്കില്ല. ദിവസവും താന്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നേരിട്ട് അറിയുകയും വിലയിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post