ആറന്മുള നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവും, മലങ്കര സുറിയാനി കൃസ്ത്യന്‍ അസോസിയേഷന് സെക്രട്ടറിയുമായ ജോര്‍ജ്ജ് ജോസഫിന് തന്റെ വരുമാനത്തിന്റെ സ്രോതസ് കാണിക്കണമെന്നാവശ്യപ്പെട്ട് സഭ പ്രവര്‍ത്തകന്റെ കത്ത്. ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയും ആറന്മുളയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുമായ വീണ ജോര്‍ജ്ജ് നാമനിര്‍ദ്ദേശ പത്രികയൊടൊപ്പം സമര്‍പ്പിച്ച് സ്വത്ത് വിവരം അടിസ്ഥാനമാക്കി സഭാംഗമായ എബ്രഹാം ജി എന്നയാളാണ് കത്ത് നല്‍കിയത്.
കഴിഞ്ഞ 10വര്‍ഷത്തെ കാലയളവില്‍ കോടിക്കണക്കിന് രൂപ വിലയുള്ള സ്വത്തുക്കള്‍ താങ്കള്‍ സ്വന്തമാക്കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നുണ്ടെന്നും, സഭാ നേതൃത്വ പ്രവര്‍ത്തനം ഇത്രമാത്രം വരുമാനം ലഭിക്കുന്ന സ്ഥാനമാണോ എന്നും കത്തില്‍ ചോദിക്കുന്നു. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 2,42000രൂപയാണ് വാര്‍ഷിക വരുമാനം എന്ന് ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച കണക്കില്‍ നിന്ന് വ്യക്തമാകുന്നതായും കത്തിലുണ്ട്.
സത്യവാങ്മൂലം പരിശോധിച്ചതില്‍ നിന്ന് 10വര്‍ഷത്തിനുള്ളില്‍ അങ്ങ് 21 സ്ഥലത്ത് വിവിധ സര്‍വ്വേ നമ്പറുകളില്‍ ഭൂമി സ്വന്തമായി സമ്പാദിച്ചിട്ടുണ്ട്. ഇതിനുപരിയായി ഫാമിലി ഒപ്റ്റിക്കല്‍സ് കളമശ്ശേരി, ഫാമിലി ഒപ്റ്റിക്കല്‍സ് പാലാരിവട്ടം, ഏമയ ബൗട്ടിക്, പാലാരിവട്ടം എന്നി സ്ഥാപനങ്ങളില്‍ വന്‍തുക മുടക്കിയിട്ടുണ്ട്. 4000ച.അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്മ്മാണത്തിലുമാണെന്ന് മനസ്സിലാകുന്നു. രേഖകള്‍ പ്രകാരം അങ്ങയുടെ തൊഴില്‍ അധ്യാപകന് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അവധിയിലായതിനാല്‍ തൊഴിലില്‍ നിന്ന് വരുമാനം ഇല്ലെന്ന് മനസ്സിലാക്കുന്നുവെന്നും കത്തില്‍ പറയുന്നു.
സിപിഎം സ്ഥാനാര്‍ത്ഥിയുടെ പങ്കാളി എന്ന നിലയില്‍ മുകളില്‍ പറഞ്ഞ വിഷയങ്ങള്‍ അങ്ങയെ സംശയത്തില്‍ നിര്‍ത്തുന്നുവെന്നും, സഭാംഗമെന്ന നിലയില്‍ ഈ വിഷയത്തില്‍ മറുപടി തന്ന് പൊതു സമൂഹത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ടായ അപമാനം മാറ്റിതരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post