പാലക്കാട്: കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വസ്തുതകള്‍ വാസ്തവമെന്ന് ചൂണ്ടിക്കാട്ടി പഠന റിപ്പോര്‍ട്ട്. പാലക്കാട് ചിറ്റൂര്‍ കോളജിലെ ഗവേഷണ വിദ്യാര്‍ഥികള്‍ ജില്ലയിലെ അട്ടപ്പാടി ആദിവാസി ഊരുകളില്‍ നടത്തിയ പഠനം പ്രധാനമന്ത്രിയുടെ താരതമ്യത്തിന് ബലം പകരുന്നതാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിത നിലവാര സൂചികകള്‍ ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങളായ സൊമാലിയയോടും എത്യോപ്യയോടും സമാനമാണെന്ന് ഇവരുടെ പഠനം വ്യക്തമാക്കുന്നു.
കേരളത്തിലെ ആദിവാസി ഇതര വിഭാഗങ്ങളുടെ ജീവിത നിലവാര സൂചികകള്‍ ആദിവാസികളുടേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ബഹുദൂരം മുന്നിലാണെന്ന് താരതമ്യ പഠനം പറയുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ നിലവാരം വളരെ താഴെയാണ് പഠനം എടുത്തുപറയുന്നു. അട്ടപ്പാടിയിലെ ഇരുള, മുദുഗ, കുറമ്പ്യന് എന്നീ വിഭാഗങ്ങള്‍ക്കിടയിലായിരുന്നു പഠനം നടത്തിയത്.
ലിംഗ അടിസ്ഥാനത്തിലുള്ള ഇവരുടെ സൂചികകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവാണ്. ഇത് ആഫ്രിക്കയിലുള്ള റാവണ്ട, ബെനിന്‍ എന്നീ രാജ്യങ്ങളുടേതിന് തുല്യമാണ്. സൂചികാ അടിസ്ഥാനത്തില്‍ ഈ രാജ്യങ്ങള്‍ യഥാക്രമം 178, 181 സ്ഥാനങ്ങളിലാണ്. കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മേഖലയില്‍ ചില കെട്ടിടങ്ങള്‍ പണിഞ്ഞതല്ലാതെ ആദിവാസികള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബാലാവകാശ പ്രവര്ത്തകന് രാജേന്ദ്രപ്രസാദ് പറയുന്നു. പുറത്തുവരുന്ന വിവരാവകാശ രേഖകള്‍ പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പാലക്കാട് 595 ശിശുമരണങ്ങളുണ്ടായിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പു ആദിവാസികള്‍ക്കായി 400 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അത് ഈ വിഭാഗത്തിന് ഗുണപ്രദമായ രീതിയില്‍ ചെലവഴിച്ചിട്ടില്ല. ഗര്‍ഭിണികള്‍ക്ക് പോലും ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ, ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള പദ്ധതികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അംഗനവാടികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കല്‍ എന്നിവയെല്ലാം അങ്ങേയറ്റം അവതാളത്തിലാണെന്ന് രാജേന്ദ്ര പ്രസാദ് പറയുന്നു. 174 അംഗനവാടികളുള്ളതില് 66 ഇടത്തേ ശുചിമുറികള്‍ ഉള്ളൂവെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആദിവാസികളെ കുടിയൊഴിപ്പിക്കുന്ന പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അവരുടെ ജനസംഖ്യ കുറയുന്നത് ആദിവാസികള്‍ അവരുടെ ഊരുകളില്‍നിന്ന് പിന്തള്ളപ്പെടാന് കാരണമായി. ഇത് അവരുടെ വരുമാനമാര്‍ഗത്തെയും ബാധിച്ചുവെന്ന് സാമൂഹ്യ പ്രവര്‍ത്തക മനീഷ എം ചതേലി പറയുന്നു. ഇവര്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Discussion about this post