തിരുവനന്തപുരം: മന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ എഐഡിഎംകെയുടെ തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥിയും ബാര്‍ മുതലാളിയുമായ ബിജു രമേശിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരസ്യമായി ശാസിച്ചു. നേരത്തെ മന്ത്രി വിഎസ് ശിവകുമാറിനെതിരെ ബിജു രമേശ് നടത്തിയ വ്യക്തിപരമായ പരാമര്‍ശം കണക്കിലെടുത്താണ് നടപടി.
ബിജു രമേശ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. ബിജു രമേശ് വിഎസ് ശിവകുമാറിനെതിരായി നടത്തിയ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് വരണാധികാരി കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്ട്ടിന്മേലിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി എടുത്തത്.
കേരളത്തിലെ ഒരു മന്ത്രിയുടെ മകളെ ദില്ലിയില്‍വച്ച് തട്ടികൊണ്ടുപോയെന്നും സംഭവം കോടികള്‍ നല്കി ഒതുക്കി തീര്‍ത്തെന്നും നേരത്തെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മോചനദ്രവ്യം നല്കി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ് സംഭവം ഒതുക്കിതീര്‍ത്തെന്നായിരുന്നു വാര്‍ത്ത. മന്ത്രി വിഎസ് ശിവകുമാറിന്റെ മകളെയാണ് ദില്ലിയില്‍ തട്ടികൊണ്ടുപോയതെന്നും മരുന്നു ലോബിയാണ് ഇതിനു പിന്നിലെന്നുമാണ് ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശിവകുമാര്‍ ഒരു മരുന്നു കമ്പനിയില്‍ നിന്ന് 15 കോടി രൂപ കമ്മിഷന് വാങ്ങി. ഈ മരുന്ന് കമ്പനിയുടെ ആള്ക്കാര് ആണ് മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോയതെന്നും, പിന്നീട് കമ്മിഷന് തുക തിരിച്ചു നല്‍കിയാണ് മന്ത്രി മകളെ മോചിപ്പിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളും ബിജു രമേശ് മന്ത്രി ശിവകുമാറിന് നേരെ ഉന്നയിച്ചിരുന്നു
Discussion about this post