ഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രാഷ്ട്രപതിയെ കാണും. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്കു പരാതി നല്കാന് തീരുമാനിച്ചത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ ഇടപെടണമെന്ന് ബിജെപി നേതൃത്വം രാഷ്ട്രപതിയോട് ആവശ്യപ്പെടും. കേന്ദ്രമന്ത്രി ജെ.പി. നദ്ദ അടക്കമുള്ള കേന്ദ്ര നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനത്തെ സാഹചര്യങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതിയുടെ ശ്രദ്ധ കേരളത്തിലേക്കു തിരിക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നത്.
കേരളത്തിലെ സിപിഎം അക്രമത്തിന്റെ പേരില്‍ ബിജെപി ഇന്ന് സിപിഎം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്ക് ബിജെപി ആസ്ഥാനത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുക. മുതിര്‍ന്ന ബിജെപി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. അതേസമയം ഞായറാഴ്ചയാണെങ്കിലും എകെജി ഭവനിലെത്താന്‍ ഡല്‍ഹിയിലുള്ള നേതാക്കള്‍ക്ക് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദേശം നല്കി.
കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. സി.പി.എം ഉടന്‍ അക്രമം നിര്‍ത്തിയില്ലെങ്കില്‍ തെരുവിലും, പാര്‍ലമെന്റിലും നേരിടുമെന്നും ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഒര്‍ക്കണമെന്നും രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം രവിശങ്കര്‍ പ്രസാദിന് മറുപടിയുമായി സിപിഎം പിബി അംഗം വൃന്ദ കാരാട്ട് രംഗത്തെത്തി. രാജ്യം ഭരിക്കുന്നത് ആര്.എസ്.എസ് അല്ല ഭരണ ഘടനയാണെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. കോടിക്കണക്കിനു രൂപ ചിലവഴിച്ചിട്ടും കേരളത്തിലുണ്ടായ കനത്ത തോല്‍വിയുടെ നിരാശയിലാണ് ബിജെപി യെന്നും വൃന്ദ കാരാട്ട് പറഞ്ഞു
Discussion about this post