കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയില്‍ ഫാത്തിമയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അന്‍സാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസില്‍ പ്രതിയുടെ ശിക്ഷ നാളെ വിധിക്കും. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ കോടതിയാണ് വിധി പുറപ്പെടുവിക്കുന്നത്. പിടിച്ചുപറി ,കൊലക്കുറ്റം, മോഷണം എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചേര്‍ത്തിട്ടുണ്ട് .
2008 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ അന്‍സാര്‍ സഹോദരിയെ വിവാഹം ചെയ്തുവിട്ടതാണ് കോഴിക്കോട് .തുടര്‍ന്ന് സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ സഹോദരീ ഭര്‍ത്താവിന്റെ വീടായ കോഴിക്കോട് തിരുവമ്പാടിയില്‍ അന്‍സാര്‍ എത്തുകയായിരുന്നു . സഹോദരീ ഭര്‍ത്താവിന്റെ വീടിന് സമീപമായിരുന്നു കൊല്ലപ്പെട്ട ഫാത്തിമ താമസിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ ഇയാള്‍ ഫാത്തിമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു . തുടര്‍ന്ന് വീട്ടമ്മയുടെ 12 പവന് ആഭരണവും മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ വെറും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഫാത്തിമയുടെ ആഭരണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു .
Discussion about this post