തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ചു സിപിഎമ്മില്‍ ആശയക്കുഴപ്പം തുടരുന്നു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടി നിര്‍ദേശിക്കുന്ന സ്ഥാനങ്ങളോട് വി.എസിന് അതൃപ്തി പ്രകടിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഭരണപരിഷ്കാര കമ്മിഷന് അടക്കമുള്ള പദവികളാണു വി.എസിനുവേണ്ടി പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്.വി.എസുമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം സംബന്ധിച്ചു ചര്‍ച്ച നടത്തും.
വി.എസിന് പദവി നല്‍കണമെന്ന ധാരണ സി.പി.എം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിലുണ്ടെങ്കിലും നയപരവും നിയമപരവുമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രം അത് മതിയെന്ന നിലപാടും സിപിഎമ്മിലുണ്ട്. അതുകൊണ്ടുതന്നെ ജൂണ്‍ ഏഴിലെ സംസ്ഥാന സെക്രട്ടേറിയറ്റും 10, 11 തീയതികളിലെ സംസ്ഥാന സമിതിയും തെരഞ്ഞെടുപ്പ് അവലോകനം മാത്രമായി ചുരുങ്ങാനാണ് സാധ്യത.
വി.എസിന്റെ പദവി സംബന്ധിച്ച് തീരുമാനമെടുക്കണമെങ്കില്‍ ആദ്യം എല്‍.ഡി.എഫില്‍ ധാരണയാകേണ്ടതുണ്ട്. കഴഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനം എല്‍ഡിഎഫിന് വിട്ടിരുന്നു, എല്‍ഡിഎഫ് നയപരമായ തീരുമാനമെടുക്കാതെ സര്‍ക്കാറിന് നടപ്പാക്കാനാവില്ല. എല്‍.ഡി.എഫിലോ സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലോ അനൗദ്യോഗികമായി പോലും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല.
Discussion about this post