കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീളുന്നു. കള്ളപ്പണ ഇടപാടില്‍ അന്വേഷണം നേരിടുന്ന അഡ്വ.വിനോദ് കുമാര്‍ കുട്ടപ്പനും ടി.കെ.എ നായരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത അഗ്രിതോ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയെ കുറിച്ചാണ് അന്വേഷണമെന്ന വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്.
വിനോദ് കുമാര്‍ കുട്ടപ്പന്റെ ഭാര്യ ശ്രീകുമാരിയമ്മ, ടി.കെ.എ നായരുടെ മകള്‍ മിനി നായര്‍, മരുമകന് ജയകൃഷ്ണന് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ടി.കെ.എ നായരുടെ മകളും മരുമകനും തങ്ങളുടെ ഓസ്ട്രേലിയയിലെ വിലാസമാണ് കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഈ കമ്പനിയിലേക്ക് 45 കോടി രൂപ ചുരുങ്ങിയ കാലയളവില്‍ ഗള്‍ഫില്‍ നിന്ന് വന്നതായാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വ്യക്തമായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നെടുമങ്ങാടുള്ള ആസ്പത്രി വാങ്ങുന്നതിന് വിദേശത്തുള്ള സുഹൃത്ത് പത്തനംതിട്ട സ്വദേശി ജോണ്‍ ഗീവര്‍ഗീസ് കുരുവിള നല്‍കിയതാണ് ഈ പണമെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്.ജോണ്‍ ഗീവര്‍ഗീസ് കുരുവിളയെക്കുറിച്ചും വിശദമായ അന്വേണം നടത്താനാണ് തീരുമാനം. പണം സംബന്ധിച്ച ആധികാര രേഖ നല്കാന് വിനോദ് കുമാര്‍ കുട്ടപ്പനോട് അധികൃതര്ആവശ്യപ്പെട്ടിട്ടുണ്ട്.
അഡ്വ. വിനോദ് കുമാറിന്റെ മകന്റെ ഭാര്യാപിതാവും വ്യവസായിയുമായ മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 11 കിലോ സ്വര്‍ണവും 15 ലക്ഷം രൂപയും കണ്ടെടുത്തിട്ടുരുന്നുവെന്നും, വിനോദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിലെ തന്ത്രിയെ മറയാക്കി നടന്ന കോടികളുടെ ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അഡ്വ. വിനോദ് കുമാര്‍ കുട്ടപ്പന് എന്ന കെ. വിനോദ് കുമാര്‍ യോഗ്യതയില്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. 2014 ജൂണ്‍ ആറിനാണ് അഡ്വ. വിനോദ് കുമാറിനെ സുപ്രീം കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സലായി സര്‍ക്കാര്‍ നിയമിച്ചത്. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ വാങ്ങിയ വീടിന്റെ വിലാസത്തിലാണ് വിനോദ് കുമാര്‍ ഇതിന് അപേക്ഷ നല്‍കിയിരുന്നത്. മൂന്ന് കോടിയോളം രൂപ മുടക്കിയാണ് ഈ വീട് വാങ്ങിയിരുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post