ഡെറാഡൂണ്‍ ഉത്തരാഖണ്ഡിലെ സിങ്ഗാലി മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 40 പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഏഴോളം ഗ്രാമങ്ങളിലെ വീടുകള്‍ തകര്‍ന്നു. നിരവധിപ്പേരിപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ഋഷികേശ്-കേദാര്‍നാഥ് ദേശീയ പാത അടച്ചു.റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗംഗോള്ഗാവിലുണ്ടായ മണ്ണിടിച്ചില്‍ മീലം യമുനോത്രി, കേദാര്‍നാഥ് ദേശീയപാതകളില്‍ ഗതാഗതം സ്തംഭിച്ചു.
സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.ചമോലി ജില്ലിയില്‍ മേഘവിസ്ഫോടനവും ശക്തമായ ഇടിയോടുകൂടിയ കനത്തമഴയും നാശം വിതച്ചു. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളും വെള്ളത്തിനടിയിലായി. 25 പേരെങ്കിലും അപകടത്തില്‍പെട്ടതായാണ് സൂചന. ബസ്താഡി മേഖലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പിത്തോര്‍ഘട്ടില്‍ നിരവധി പേര് അപകടത്തില്‍പ്പെട്ടതായുള്ള സൂചനകളും ലഭിക്കുന്നു. ദുരന്ത നിവാരണ സേനയെ സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയാണ് ഉണ്ടായത്. അടുത്ത നാല് ദിവസം കൂടി ഇതേരീതിയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 2013 ജൂണ്‍ മാസത്തിലാണ് രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡ് ദുരന്തം ഉണ്ടായത്. അയ്യായിരത്തിലധികം ആളുകള്‍ക്കാണ് അന്ന് ജീവന് നഷ്ടമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post