ഫൈനലിനു മുന്‍പുള്ള ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അസൂറികളെ തോല്പിച്ച് ജര്‍മ്മനി യൂറോ കപ്പിന്റെ സെമി ബര്‍ത്ത് സ്വന്തമാക്കി. സഡന്‍ഡത്തില്‍ 6-5നാണ് നാസികളുടെ വിജയം. ഒരു പ്രധാന ടൂര്‍ണമെന്റിലും ഇറ്റലിയെ തോല്‍പ്പിക്കാനാകാത്തവര്‍ എന്ന പേരുദോഷത്തിനു മറുപടി കൂടിയായ ഈ ജയം.
യൂറോകപ്പില്‍ ഇത്തവണ ഒരു മത്സരം പോലും തോല്‍ക്കാതെ ക്വാര്‍ട്ടറിലെത്തിയ ജര്‍മ്മനിയെ നേരിടാനെത്തിയ ഇറ്റലിയാകട്ടെ ക്വാര്‍ട്ടര്‍ വരെ വഴങ്ങിയത് ഒരൊറ്റ ഗോളായിരുന്നു. ഒരേ പോലെ ശക്തരായ ഇരുടീമുകളും
ഇരുവശവും നിരന്നപ്പോള്‍ മനോഹരമായ ഒരു മത്സരത്തിന് വേദിയുണര്‍ന്നു. കളിയുടെ തുടക്കം മുതല്‍ നന്നായി ആക്രമിച്ചു മുന്നേറിയ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നന്ന് പൊരുതിയപ്പോള്‍ ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല. മത്സരത്തിന്റെ 65-ാം മിനുട്ടിലാണ് ആദ്യ ഗോള്‍ വീഴുന്നത്. മെസ്യൂട്ട് ഓസിലിലൂടെ ജര്‍മ്മനി ആദ്യ ഗോള്‍ നേടി. പക്ഷേ ആഹ്ലാദത്തിനു ആയുസധികമുണ്ടായിരുന്നില്ല. ജര്‍മ്മനിയുടെ ജെറോം ബോട്ടെങിന്റെ ഹാന്‍ഡ് ബോളിനു കിട്ടിയ പെനാല്‍റ്റി ലിയാണെര്ഡോ ബലൂച്ചി കൃത്യമായി വലയിലെത്തിച്ചു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധികസമയം ഗോള്‍രഹിതമായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെത്തി. പെനാല്‍റ്റിയിലും കാര്യങ്ങള്‍ അത്രപെട്ടന്ന് അവസാനിപ്പിക്കാനൊരുക്കമല്ലെന്നു തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു ഇരു ടീമുകളും. ഒടുവില്‍ സഡന്‍ഡത്തില്‍ ഇറ്റലിയെ മടക്കിയയച്ച് ജര്‍മ്മനി സെമി ഉറപ്പിച്ചു.
Discussion about this post