ഡല്‍ഹി: ഇസ്ലാമിക പ്രഭാഷകനായ സാക്കീര്‍ നായിക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനവും, പ്രഭാഷണങ്ങളും നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു. മുംബൈ ആസ്ഥാനമായുള്ള സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്. 20 പേരുടെ കൊലയ്ക്ക് ഇടയാക്കിയ ധാക്ക റസ്റ്റോറന്റ് ആക്രമണത്തിന് ആക്രമണകാരികള്‍ക്ക് പ്രചോദനമായത് ഈ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്റെ പ്രഭാഷണങ്ങളാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.
ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവിന്റെ മകനും ധാക്ക ആക്രമണത്തില്‍ പങ്കാളിയുമായ രോഹന് ഇംതിയാസ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സാക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവിയില്‍ നായിക് നടത്തിയ ഒരു വിവാദ പരാമര്‍ശത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാ മുസ്ലിങ്ങളോടും തീവ്രവാദികളാവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ ആയിരുന്നു രോഹന്റെ ഫേസ്ബുക്ക് വാളില്‍ കണ്ടെത്തിയത്. ഇതോടെ സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുകയാണ്. പല പ്രഭാഷണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണെന്നാണ് കണ്ടെത്തല്‍
സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
മതവിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തുന്ന നായിക്കിന് ഇക്കാരണം ചൂണ്ടിക്കാണിച്ച് ബ്രിട്ടന്, കാനഡ, മലേഷ്യ എന്നിവയുള്‍പ്പെട്ട രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 16 ഇസ്ലാമിക് പണ്ഡിതന്മാരില് ഒരാള്‍കൂടിയാണ് നായിക്ക്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയില്‍ കൂടി നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. ശക്തമായ പ്രതിഷേധമാണ് ഇന്ത്യയില്‍ നായിക്കിനെതിരെ ഉയരുന്നത്.
ഇന്ത്യക്കാരനായ സാക്കിര്‍ നായിക് ബംഗ്ലാദേശിലെ പീസ്സ് ടീ.വിയിലെ പരിപാടിയിലൂടെ പ്രശസ്തനാണ്. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകനായ സാക്കീര്‍ നിരവധി വിവാദ പരാമര്‍ശങ്ങളിലൂടെ വിവാദ നായകനായിരുന്നു.
Discussion about this post