പാലക്കാട്: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ 16 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഒരു ഡോക്ടറും എഞ്ചിനീയറും രണ്ടു കുട്ടികളും നാലു സ്ത്രീകളും കാണാതായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കാസര്‍ഗോഡ് ജില്ലയിലെ മൂന്നു കുടുംബത്തില്‍ നിന്നുള്ള അംഗങ്ങളെയാണ് കാണാതായത്. കാണാതായവര്‍ക്ക് ഐഎസ് ബന്ധമെന്ന് സംശയമുളളതായി ബന്ധുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്കി.
ഇവരെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
തീര്‍ത്ഥാടനത്തിനെന്ന വ്യാജേന ജൂണ്‍ ആറിന് ഇവര്‍ രാജ്യം വിട്ടതായും അതിനു ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ബന്ധുക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാളുടെ ബന്ധുവിന് ‘ഞങ്ങള്‍ അവസാന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു’ എന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചു. സിറിയയിലോ ഇറാഖിലോ ആണ് ഇവര്‍ ഉള്ളതെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
കാര്സര്കോഡ് ജില്ലയിലെ തൃക്കരിപ്പൂരിനും സമീപ പ്രദേശങ്ങളിലും നിന്നുള്ളവരാണ് കാണാതായവരില്‍ ഏറെപ്പേരും. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് പ്രവര്‍ത്തനം ശക്തിപ്പെട്ടതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദില്‍ നിന്ന് 16 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസ് ബന്ധമുള്ളവരെന്ന് സൂചന ലഭിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പലയിടത്തായി സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേരളത്തിലെ ഐഎസ് ബന്ധവും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
Discussion about this post