കേരളത്തിനിത് എന്ത് പറ്റി..? മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും സഞ്ചാരം നടത്തുന്ന ആരുടെയും ഉള്ളിലുയരുന്ന ആശങ്കയാണിത്..തൊട്ടാല്‍ പൊട്ടുന്ന സദാചാരക്കുരുവും, സ്വാതന്ത്ര്യകുരുവുമായി മലയാളി എങ്ങോട്ടാണ് മുന്നേറുന്നത്…എല്ലാം ഉള്‍ക്കൊണ്ട് നല്ലത് മാത്രം സ്വീകരിക്കേണ്ട അറിവ് എവിടെയാണ് ഓരോ മലയാളിയ്ക്കും നഷ്ടമാകുന്നത്.
സദാചാര പോലിസ് ചരിത്രത്തെ നമുക്ക് ഒന്ന് വിഭജിക്കാം…കിസ് ഓഫ് ലൗവ് പ്രതിഷേധത്തിന് മുന്‍പും പിന്‍പും എന്നിങ്ങനെ
ഏറെ ചര്‍ച്ച ചെയ്തതാണ് കിസ് ഓഫ് ലൗ എന്ന സമരത്തിന്റെ പശ്ചാത്തലവും, ഇനിയും പിടികിട്ടാത്ത അതിന്റെ ലക്ഷ്യവും. അത് കൊണ്ട് അത് വിടുന്നു. ഇനി നമുക്ക് കിസ് ഓഫ് ലൗവ് മുന്നോട്ട വച്ച സദാചാരം സംസ്ക്കാരത്തിലുണ്ടാക്കിയ ‘വിപ്ലവകരമായ’ മാറ്റങ്ങളെ വിലയിരുത്താം.കിസ് ഓഫ് ലൗവ് അനുകൂലി, പ്രതികൂലി എന്ന രീതിയില്‍ നിങ്ങളെ നിങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് മാറി നിന്ന് ഈ ലേഖനത്തെ പിന്തുടരാന് ശ്രമിക്കുക. മുന്‍വിധികളല്ല…നേരിടുന്ന പ്രതിസന്ധികള്‍ തന്നെയാണ് എല്ലാവരെയും നയിക്കുന്നത്.
തൊട്ടാല്‍ പൊട്ടുന്ന സദാചാരക്കുരു ഒരു രോഗമായിരുന്നില്ല അടുത്ത കാലം വരെ കേരളത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പോലും. റോഡരുകിലെ ചുംബനങ്ങളും, കെട്ടിപ്പിടുത്തങ്ങളും, ചെറിയ മറവുകള്ക്കപ്പുറത്തെ ലൈംഗിക ചലനങ്ങളും സമൂഹത്തിന് ഒരു കാലത്തും പഥ്യാമായിരുന്നില്ല. അത്തരത്തിലുള്ള ഓരോ കാഴ്ചകളിലും ഉള്‍പ്പെടുന്നവരുടെ സ്ഥാനത്ത് സഹോദരിമാരെയും സുഹൃത്തുക്കളെയും സങ്കല്പിച്ച് പുരുഷ ലോകം അതിനെ അകറ്റി നിര്‍ത്തിയിരുന്നു. അതിരുവിട്ട അത്തരം പ്രവര്‍ത്തികളെ മാന്യമായി തന്നെ സമൂഹം എന്ന അധികാരം ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചുവന്നു. അല്ലെങ്കില്‍ താനുള്‍പ്പടുന്ന സമൂഹം ഇങ്ങനെയൊക്കെയാണ് അതിനാല്‍ ആ വഴിയിലേക്ക് യാത്രവേണ്ട എന്ന തീരുമാനിച്ചിരുന്നവരുമുണ്ട്. ഇതിനെല്ലാം അപ്പുറത്ത് വാണിജ്യസ്വഭാവത്തില് നടക്കുന്ന അവിഹിതങ്ങളെ ചെറിയ കൂട്ടങ്ങള്‍ സാദാചാര പോലിസ് ചമഞ്ഞ് നിയന്ത്രിച്ചും വന്നു. അനാശാസ്യം നടന്ന ഹോട്ടലുകള്‍ തല്ലിപൊളിച്ച് ഡിവൈഎഫ്ഐ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളും പല സദാചാര ദൗത്യങ്ങള്‍ക്കും നേതൃത്വം നല്കി..തൊട്ടപ്പുറത്ത് മംഗലാപുരത്തും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സദാചാരകുരു പൊട്ടി ചിലര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ നമ്മള് അങ്ങനെയൊന്നുമല്ല എന്ന് അഭിമാനം കൊണ്ടവരാണ് മലയാളി..ഒറ്റ തിരിഞ്ഞുള്ള സദാചാര പോലിസ് കളി, ഏതെങ്കിലും നേതാവിനെ തടഞ്ഞ് വച്ച് കൂകുന്നതിലോ, ഹോട്ടലിന് നേരെ കല്ലെറിയുന്നതിലോ, പേരെഴുതാതെ പോസ്റ്റര്‍ ഒട്ടിക്കലിലോ തീര്‍ന്നിരുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ സദാചാര പോലിസിനെതിരെ ‘കിസ് ഓഫ് ലൗവ് എന്ന നവോത്ഥാന വിപ്ലവം’ പിറവിയെടുക്കുന്നത്.
സദാചാര പോലിസിംഗിനെതിരെ ഉമ്മ വെയ്ക്കാന്‍ നാല്പത് പേര്, അതിനെ ചെറുക്കാന്‍ ആയിരം പേര്, കാണാന്‍ പതിനായിരം പേര് എന്ന സാംസ്ക്കാരിക അഭാസം പിന്നീട് പലയിടത്തായി അരങ്ങേറി.
സദാചാര പോലിസെ ഇല്ലാതാവുമെന്ന് കരുതി സമരത്തെ പിന്തുണച്ച ബു.ജി കളെ ഇരുച്ചി ചിന്തിപ്പിക്കുന്ന(ചിന്തിക്കാറുണ്ടോ എന്തോ..?) സാമൂഹ്യ സാഹചര്യത്തിലേക്കാണ് കേരളം പിന്നീട് സഞ്ചരിച്ചത്.
സഹോദരിയ്ക്കൊപ്പം ഒരു ആണ്‍കുട്ടിയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത വിധം കേരളത്തിന്റെ സാംസ്ക്കാരിക മനസ്സ് അധപതിച്ചു പോയോ എന്ന് ഓരോ മലയാളിയും ചോദിച്ച് തുടങ്ങിയിരിക്കുന്നു. എവിടെയോ ഓരോ മലയാളിയും മൂടിവച്ചിരുന്ന സദാചാരക്കുരു പൊട്ടിയൊലിച്ച് തുടങ്ങിയിരിക്കുന്നു..നമ്മുടെ മനസ്സ് കൂടുതല്‍ മലീമസമായി കൊണ്ടിരിക്കുന്നു..കിസ് ഓഫ് ലൗവ് എന്ന സമരം പോസിറ്റീവായല്ലേ മലയാളിയെ സമീപിച്ചത് എന്ന ചോദ്യം കൂടി ഉയരുന്നു..
ഉത്തരം ഒറ്റ വാക്കില്‍ പറഞ്ഞ് സോഷ്യല്‍ മീഡിയ തെറി ഏറ്റുവാങ്ങാന്‍ ആരും തയ്യാറായേക്കില്ല. എന്നാലും അത്തരമൊരു ചോദ്യം സ്വയം ചോദിക്കാനുള്ള സാധ്യത കിസ് ഓഫ് ലൗവ് ഉണ്ടാക്കിയിരുന്നു എന്നത് വാസ്തവം..
കിസ് ഓഫ് ലൗവ് സമരം കൊണ്ട് നേട്ടം ഉണ്ടായത് ചില കപട സദാചാര വാദികള്‍ക്കാണ്. അങ്ങിങ്ങും തട്ടിയും മുട്ടിയും അവര്‍ നടത്തിയിരുന്ന സദാചാര പോലിസിംഗിന് പരസ്യവേദി നല്‍കുകയാണ് കിസ് ഓഫ് ലൗവ് സമരം ചെയ്തത്. അവരുടെ അരങ്ങേറ്റത്തിന് വയിയൊരു ജനകീയ പിന്തുണ അന്ന് ലഭിക്കുകയും ചെയ്തു.
കേരളം അന്ന് വരെ കേട്ടിട്ടില്ലാത്ത ചില സംഘടനകളുടേ പേര്..അന്ന് സമരവേദിയില്‍ നിന്നുള്ള വാര്‍ത്ത റിപ്പോര്ട്ടിംഗുകള്ക്കിടയില് ഉയര്‍ന്ന് കേട്ടു. ഒരു സംഘടനയും കൂടെ കൂട്ടാത്ത ചില കൂട്ടായ്മകള്‍ രൂപപ്പെട്ടു. അവര്‍ക്ക് പരസ്യവേദികള് തുറന്ന് കിട്ടി. സംസ്ഥാനത്തുടനീളം സംഘടതിമായ ഒരു പ്ലാറ്റ് ഫോം ലഭിച്ചു. എല്ലാം കിസ് ഓഫ് ലൗവ് എന്ന സമരത്തിന്റെ പരിണിതി.
പി.കെ എന്ന സിനിമയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ ഉള്‍പ്പടെ കേരളത്തിന്റെ മനസ്സ് ഇടുങ്ങിപോയോ എന്ന സംശയിച്ചവര്‍ പിന്നെയും കേട്ടു ആ പേരുകള്‍.
മുക്കത്ത് സഹോദരിയെസ്ക്കൂളില് വിട്ട സഹോദരനെ മര്ച്ചിവരിലും, കുറ്റ്യാടിയില്‍ സഹോദരിയ്ക്കൊപ്പം നടന്ന സഹോദരനെ ആക്രമിച്ചവരിലും കണ്ടു ചില സംഘടിത സദാചാര മുഖങ്ങള്‍..അതെ സദാചാര പോലിസിംഗിനെതിരായ പ്രതിഷേധമായിരുന്നില്ല കിസ് ഓഫ് ലൗവ് കൊണ്ടുണര്ന്നത് സദാചാര പോലിസിംഗിന്റെ സംഘടിതമായ ഉയര്‍ച്ചയായിരുന്നു.
കിസ് ഓഫ് ലൗവിന് ശേഷം സോഷ്യല്‍ മീഡിയകളിലും ഈ ഒരു കുരുപൊട്ടല്‍ ഉരുകിയൊലിച്ചു. ചെറിയ പോസ്റ്റിന്റെ പേരില്‍ പോലും സംഘടിതമായ ആക്രമണങ്ങള്‍ അരങ്ങേറി…
പരസ്പരസ്നേഹം, വിശ്വാസം, കൂട്ടായ്മ എന്ന സംസ്ക്കാരത്തിന്റെ അടിത്തറയായ ചിലതുകളെ കൂടി സദാചാര പോലിസിംഗിനൊപ്പം വെല്ലുവിളിച്ചു കിസ് ഓഫ് ലൗവ് സമരം. അവരൊരുക്കിയ വളക്കൂറുള്ള നിലങ്ങളില്‍ ഇവിടെ വിളപൊട്ടിയത് സദാചാരക്കുരു മാത്രം.
Discussion about this post