തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ തിരുവനന്തപുരം കോര്പ്പറേഷന് വീഴ്ച പറ്റിയെന്ന് സി.എ.ജി. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും കയ്യേറ്റം ഒഴിപ്പിക്കാനും കോര്പ്പറേഷന് ഇടപെട്ടില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തി. ഇവിടെ 14.40 ഏക്കര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയതെന്ന് കണ്ടെത്തിയിരുന്നു.
21 വ്യവസ്ഥകള്‍ പാലിക്കാതെയാണ് പാറ്റൂരിലെ കെട്ടിട നിര്‍മ്മാണമെന്ന് സി.എ.ജി വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ അനക്സ് കെട്ടിട നിര്‍മ്മാണത്തിലും ക്രമക്കേടുണ്ടെന്ന് സി.എ.ജി വ്യക്തമാക്കി. സുരക്ഷാ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും വേളിയിലും അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കോര്പ്പറേഷന് ഒത്താശ ചെയ്തെന്ന് സി.എ.ജി ആരോപിച്ചു. കിംസ് ആശുപത്രിയുടെ കാല്‍നടപ്പാലം, ബിജു രമേശിന്റെ വിന്‍ഡ്സര്‍ രാജധാനി ഹോട്ടല്‍ തുടങ്ങിയവ അനധികൃത നിര്‍മ്മാണങ്ങളാണ്. തിരുവനന്തപുരം, തൃശൂര്‍ നഗരസഭകള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് സി.എ.ജി ഉയര്‍ത്തിയത്. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി അടക്കമുള്ളവയുടെ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് സി.എ.ജി വിമര്‍ശിച്ചു. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തന്നെ അനുമതി വാങ്ങിയിട്ടില്ലെന്ന് സി.എ.ജി വ്യക്തമാക്കി.
Discussion about this post