ഡല്‍ഹി:കിരണ്‍ബേദിയ്ക്ക് യോഗാചാര്യന്‍ ബാബാ രംദേവിന്റെ പിന്തുണ. ആം ആത്മി നേതാവ് കെജ്രിവാളിനേക്കാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ബേദിയാണെന്ന് രാംദേവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന കിരണ്‍ബേദി ബിജെപിയ്ക്ക് ഡല്‍ഹിയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തയോടുള്ള പ്രതികരണമായാണ് ദേശീയ ചാനലില്‍ രാംദേവിന്റെ പ്രതികരണം.
കിരണ്‍ബേദി ആദ്യത്തെ ഐപിഎസ് ഓഫിസര്‍ ആണ്. അവര്‍ക്ക് ശരിയായ കാഴ്ചപ്പാടും അതിനുള്ള ശക്തിയുമുണ്ട്. അണ്ണാ ഹസാരയ്‌ക്കൊപ്പം അഴിമതി വിരുദ്ധ സമരത്തില്‍ ഉണ്ടായിരുന്ന കിരണ്‍ ബേദി അവസരത്തിനൊത്ത് മാറിയതല്ലേ എന്നു ചോദിച്ചപ്പോള്‍ അവര്‍ രാജ്യത്തിനൊപ്പമാണ് ഒരു മൂവ്‌മെന്റില്‍ വന്നത് എന്നായിരുന്നു് രാംദേവ് പ്രതികരിച്ചത്. കെജ്‌രിവാളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ കിരണ്‍ ബേദിയാണ് മികച്ചതെന്നും രാംദേവ് പ്രതികരിച്ചു.
നേരത്തെ കെജ്‌രിവാളിനെ പിന്തുണച്ചിരുന്നയാളാണ് ബാബാ രാംദേവ്.ഇതേകുറിച്ചും രാം ദേവിന് കൃത്യമായ മറുപടിയുണ്ട്. ‘അദ്ദേഹത്തിന് ഒരിക്കല്‍ ഞാന്‍ അനുഗ്രഹം കൊടുത്തതാണ് അതിനാല്‍ തന്നെ കെജ്‌രിവാളിനെതിരെ ഒന്നും പറയില്ല. അദ്ദേഹം തന്റെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുകയാണ്. ഒന്നു രണ്ടു മാസം വൈദ്യുതി ബില്‍ കുറയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടുതലൊന്നും സാധിച്ചില്ലെന്നും രാംദേവ് പറഞ്ഞു.
മോദി സര്‍ക്കാര്‍ തന്നെ ഡല്‍ഹിയിലും അധികാരത്തില്‍ എത്തിയാലെ എന്തെങ്കിലും നേട്ടമുണ്ടാകു എന്നും ബാബാ രാംദേവ് പറഞ്ഞു.
Discussion about this post