അമൃത്സര്‍: ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂലിനൊപ്പം സിക്ക് ആരാധനാ കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ക്ഷേത്രത്തില്‍ പാത്രം കഴുകി.
ഏതാണ്ട് 45 മിനിട്ടാണ് കെജ്രിവാള് സുവര്‍ണ്ണ ക്ഷേത്രത്തില്‍ ചെലവിട്ടത്. തലയില്‍ കൈലേസ് ധരിച്ചായിരുന്നു കെജ്രിവാള് ക്ഷേത്രത്തില്‍ എത്തിയത്. പ്രധാന പ്രതിഷ്ഠാ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തി. പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് അന്നദാനം നല്കുന്ന ലാംഗര്‍ ഹാളിലേക്ക് പോയി. മാര്‍ബിള്‍ പാകിയ തറയില്‍ മതസൂക്തങ്ങള്‍ ശ്രവിച്ച അര മണിക്കൂര്‍ കെജ്രിവാള് ചെലവിട്ടു.
അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റിന് മാപ്പ് ചോദിക്കുന്നതിന് വേണ്ടിയാണ് താന്‍ ക്ഷേത്രത്തില്‍ എത്തിയതെന്ന് കെജ്രിവാള് പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതിനു ശേഷം തനിക്ക് മനസിന് നല്ല സന്തോഷവും സുഖവും അനുഭവപ്പെടുന്നുണ്ടെന്നും കെജ്രിവാള് പറഞ്ഞു. പഞ്ചാബില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയസമസഭാ തിരഞ്ഞെടുപ്പിലേക്ക് പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടന പത്രികയുടെ മുഖചിത്രത്തിലാണ് എ.എ.പിയുടെ ചിഹ്നമായ ചൂലിനൊപ്പം ക്ഷേത്രത്തിന്റെ ചിത്രവും ഉപയോഗിച്ചത്. സിക്ക് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എ.എ.പി വക്താവ് ആശിഷ് കേതനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Discussion about this post