ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദ് അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കിഡ്നിക്കും കരളിനും അസുഖം ബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുകയും ചെയ്തപ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ഷാഹിദിന്റെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ധന്രാജ്പിള്ള രംഗത്തു വന്നതോടെയാണ് രോഗത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ സന്നദ്ധമായി രംഗത്ത് വന്നിരുന്നു.
മുന്‍ കായികമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഷാഹിദിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഏറ്റവും അവസാനമായി ഒളിമ്പിക്സ് സ്വര്‍ണം നേടിയ 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്. ഡ്രിബഌങ്ങിലെ അസാമാന്യ പാടവമായിരുന്നു മറ്റു കളിക്കാരില്‍നിന്ന് ഷാഹിദിനെ വേറിട്ടുനിര്‍ത്തിയത്. പിന്നീട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86-ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981-ല്‍ അര്‍ജുന അവാര്‍ഡും 1986-ല്‍ പത്മശ്രീയും നല്കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു.
Discussion about this post