കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ്, മീഡിയാവണ്‍ ക്യാമറാമാന്മാര്ക്ക് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ വിലക്കണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. സര്‍ക്കാര്‍ അഭിഭാഷകന് യുവതിയെ കടന്നുപിടിച്ചെന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതിയിലെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന് എന്നിവര്‍ക്ക് മാദ്ധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. കാമറയ്ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കായി ചീഫ് ജസ്റ്റിസ് അനുവദിച്ച മുറി അഭിഭാഷകര്‍ താഴിട്ട് പൂട്ടുകയും ചെയ്തു. വനിതാ മാദ്ധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് മുറിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് അഭിഭാഷകരെ ശാന്തരാക്കിയത്.
ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി വളപ്പില്‍ ധര്‍ണ നടത്തി. കെയുഡബ്ല്യുജെയുടെ നേതൃത്വത്തിലാണ് ധര്‍ണ നടന്നത്.
ധര്‍ണക്കിടെ ഹൈക്കോടതി പരിസരത്ത് വീണ്ടും വന്‍സംഘര്‍ഷം
ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരുടെ സംഘം വീണ്ടും ആക്രമിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നാണയത്തുട്ടുകളെറിയുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. കൂടാതെ ധര്‍ണയിലേക്ക് ബൈക്ക് ഒാടിച്ചു കയറ്റാന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Discussion about this post